ഒപ്പം ഒരു കാര്യം കൂടി ഓര്‍മിപ്പിച്ചു, വിക്കറ്റല്ല, ഇന്ത്യന്‍ ബാറ്റര്‍മാരുടെ തലയും വാരിയെല്ലുകളും ലക്ഷ്യമിട്ട് പന്തെറിയാനാണ് ടീം മീറ്റിംഗില്‍ എന്നോട് ആവശ്യപ്പെട്ടത്. അപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ ഔട്ടാക്കണ്ടേ എന്ന എന്‍റെ ചോദ്യത്തിന് അത് ഞങ്ങള്‍ക്ക് വിട്ടേക്കു എന്നായിരുന്നു സലീം മാലിക്കിന്‍റെ മറുപടി.

കറാച്ചി: ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക് പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടങ്ങളിലെ നാടകീയമായ മറ്റൊരു മുഹൂര്‍ത്തത്തെക്കുറിച്ച് ഓര്‍ത്തെടുത്ത് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. 1999ലെ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ പുറത്താക്കാന്‍ ശ്രമിക്കാതെ അവരുടെ തലയും വാരിയെല്ലുകളും ലക്ഷ്യമാക്കി പന്തെറിയാന്‍ പാക് ടീം മാനേജ്മെന്‍റ് തീരുമാനമെടുത്തിരുന്നുവെന്ന് അക്തര്‍ പറഞ്ഞു. മുന്‍ നായകനായ സൗരവ് ഗാംഗുലി ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയാണ് ഇത്തരത്തില്‍ പന്തെറിയാന്‍ തീരുമാനമെടുത്തതെന്നും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഫ്രെനിമീസ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വീരേന്ദര്‍ സെവാഗിനോട് അക്തര്‍ വെളിപ്പെടുത്തി.

കൊല്‍ക്കത്ത ടെസ്റ്റില്‍ ഞാന്‍ കളിക്കുമെന്ന് സലീം മാലിക്കാണ് എന്നോട് ആദ്യം പറഞ്ഞത്. ഞാന്‍ അതുകേട്ട് അത്ഭുതപ്പെട്ടുപോയി. കൊല്‍ക്കത്തയിലേത് വേഗം കൂടി വിക്കറ്റായിരിക്കുമെന്നും എനിക്ക് തിളങ്ങാനാവുമെന്നും മാലിക് പറഞ്ഞു. ഒപ്പം ഒരു കാര്യം കൂടി ഓര്‍മിപ്പിച്ചു, വിക്കറ്റല്ല, ഇന്ത്യന്‍ ബാറ്റര്‍മാരുടെ തലയും വാരിയെല്ലുകളും ലക്ഷ്യമിട്ട് പന്തെറിയാനാണ് ടീം മീറ്റിംഗില്‍ എന്നോട് ആവശ്യപ്പെട്ടത്. അപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ ഔട്ടാക്കണ്ടേ എന്ന എന്‍റെ ചോദ്യത്തിന് അത് ഞങ്ങള്‍ക്ക് വിട്ടേക്കു എന്നായിരുന്നു സലീം മാലിക്കിന്‍റെ മറുപടി.

'എന്നെ ഓപ്പണറാക്കണമെന്ന് ആദ്യം പറഞ്ഞത് ഗാംഗുലിയല്ല', ആ പേര് വെളിപ്പെടുത്തി സെവാഗ്

ആദ്യമായി പന്തെറിയാന്‍ അവസരം ലഭിച്ചപ്പോള്‍ എനിക്ക് ഉത്കണ്ഠ ഉണ്ടായിരുന്നു. സ്റ്റേഡിയത്തിലെ ഒരു ലക്ഷത്തോളം ആരാധകരും പുറത്ത് കോടിക്കണക്കിന് ആരാധകരും കാണുന്ന മത്സരം. അതുകൊണ്ട് ടെന്‍ഷന്‍ ഒന്ന് മാറ്റാന്‍ ആദ്യം അതിവേഗ ബൗണ്‍സര്‍ എറിയാന്‍ ഞാന്‍ തീരുമാനിച്ചു. എന്‍റെ പന്ത് ഞാനൊ ബാറ്റ് ചെയ്ത ലക്ഷ്മണോ കണ്ടില്ല. പിന്നീട് സൗരവ് ഗാംഗുലി ബാറ്റിംഗിനിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്‍റെ വാരിയെല്ലുകള്‍ ലക്ഷ്യമാക്കിയാണ് ഞാന്‍ പന്തെറിഞ്ഞത്. പക്ഷെ സത്യം പറയാമല്ലോ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാര്‍ ഇന്ത്യക്കുണ്ട്. അവരുടെ പ്രതിരോധം എക്കാലത്തും മികച്ചതുമാണ്-അക്തര്‍ പറഞ്ഞു.

Scroll to load tweet…

അക്തര്‍ പറയുന്നത് ഗാംഗുലി കേള്‍ക്കുന്നുണ്ടാവുമെന്ന സെവാഗിന്‍റെ പരാമര്‍ശത്തിന് ഗാംഗുലിയോട് ഇക്കാര്യം താന്‍ പിന്നീട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അക്തറോട് വിക്കറ്റെടുക്കാതെ ശരീരം ലക്ഷ്യമാക്കി പന്തെറിയാനാണ് ആവശ്യപ്പെട്ടതെങ്കിലും മത്സരത്തില്‍ അക്തര്‍ രണ്ട് ഇന്നിംഗ്സിലുമായി എട്ട് വിക്കറ്റെടുത്ത് പാക് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. പക്ഷെ രണ്ട് ഇന്നിംഗ്സിലും ഗാഗുലിയുടെ വിക്കറ്റെടുത്തത് അക്തറല്ല. ആദ്യ ഇന്നിംഗ്സില്‍ സഖ്‌ലിയന്‍ മുഷ്താഖും രണ്ടാം ഇന്നിംഗ്സില്‍ വസീം അക്രവുമാണ് ഗാംഗുലിയെ പുറത്താക്കിയത്.

കൊല്‍ക്കത്തയില്‍ കൊടുങ്കാറ്റായ അക്തര്‍

ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും രാഹുല്‍ ദ്രാവിഡിനെയും യോര്‍ക്കറുകളിലൂടെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് അക്തര്‍ ലോക ക്രിക്കറ്റില്‍ കൊടുങ്കാറ്റായി അവതരിച്ചത്. രണ്ടാം ഇന്നിംഗ്സിലും ദ്രാവിഡ് അക്തറിന്‍റെ പന്തിലാണ് പുറത്തായത്. സച്ചിന്‍ റണ്ണൗട്ടായി. ജവഗല്‍ ശ്രീനാഥിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്‍റെ കരുത്തില്‍ പാക്കിസ്ഥാനെ ആദ്യ ഇന്നിംഗ്സില്‍ 185 റണ്‍സിന് ഇന്ത്യ പുറത്താക്കി.

അക്തര്‍ നാലും അക്രം മൂന്നും വിക്കറ്റെടുത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 232 റണ്‍സിലൊതുങ്ങി. രണ്ടാം ഇന്നിംഗ്സില്‍ ശ്രീനാഥ് എട്ട് വിക്കറ്റെടുത്ത് തിളങ്ങിയെങ്കിലും സയ്യീദ് അന്‍വറിന്‍റെ സെഞ്ചുറി കരുത്തില്‍ പാക്കിസ്ഥാന്‍ 316 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 232 റണ്‍സില്‍ അവസാനിച്ചു. പാക്കിസ്ഥാന്‍ 46 റണ്‍സിന്‍റെ അവിസ്മരണീയ ജയം സ്വന്തമാക്കുകയും ചെയ്തു.