വാഷിംഗ്‌ടണ്‍: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ഉടച്ചുവാര്‍ക്കുമെന്ന അവകാശവാദവുമായി പാക് പ്രധാനമന്ത്രിയും മുന്‍ ലോകകപ്പ് നായകനുമായ ഇമ്രാന്‍ ഖാന്‍. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ സെമിയിലെത്താതെ സര്‍ഫറാസ് അഹമ്മദ് നയിച്ച ടീം പുറത്തായതിന് പിന്നാലെയാണ് 1992ല്‍ പാക്കിസ്ഥാനെ ലോകകപ്പ് ജേതാക്കളാക്കിയ നായകന്‍റെ പ്രതികരണം. 

'ലോകകപ്പിന് ശേഷം ടീമിനെ അടിമുടി വാര്‍ത്തുടയ്‌ക്കാനാണ് തന്‍റെ തീരുമാനം. അടുത്ത ലോകകപ്പില്‍ പാക് ടീം പ്രഫഷണല്‍ സംഘമായിരിക്കും. എന്‍റെ ഈ വാക്കുകള്‍ ഓര്‍ത്തുവെച്ചോളൂ. പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ സ്ഥിരപ്പെടുത്തുമെന്നും ലോകത്തെ മികച്ച ടീമുകളിലൊന്നാക്കും' എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ഇമ്രാന്‍റെ പ്രതികരണം. എന്നാല്‍ കൂടുതല്‍ പദ്ധതികള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

ലോകകപ്പ് തോൽവിക്ക് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ പദവി ഒഴിഞ്ഞിരുന്നു മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. 2016ലാണ് ഇന്‍സമാം പാക് മുഖ്യ സെലക്ടര്‍ ആയത്. ലോകകപ്പിൽ പാക്കിസ്ഥാന്‍ സെമിയിലെത്താതെ പുറത്തായതിന് പിന്നാലെ ഇന്‍സമാമിന് നേരേ വിമര്‍ശനം ശക്തമായിരുന്നു. അതേസമയം പാക് ബോര്‍ഡിൽ മറ്റെന്ത് ചുമതലകളും വഹിക്കാന്‍ തയ്യാറാണെന്ന് ഇന്‍സമാം വ്യക്തമാക്കിയിട്ടുണ്ട്.