ലണ്ടന്‍: ഇംഗ്ലീഷ് മുന്‍ ബാറ്റ്സ്‌മാന്‍ ഇയാന്‍ ബെല്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ചുവന്ന പന്തില്‍ ഞായറാഴ്‌ചയും കൗണ്ടിക്കായുള്ള ടി20 അടുത്ത ആഴ്‌ചയും കളിച്ചായിരിക്കും പാഡഴിക്കുക എന്ന് മുപ്പത്തിയെട്ടുകാരനായ ബെല്‍ അറിയിച്ചു. 

'ഏറെ വേദനയോടെയും അഭിമാനത്തോടെയും വിരമിക്കല്‍ അറിയിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടാനായി. എന്‍റെ ബാല്യകാല ടീമിനായാണ് ക്ലബ് തലത്തില്‍ കരിയറിലുടനീളം കളിച്ചതും ട്രോഫികള്‍ നേടിയതും. സ്റ്റാഫിനും താരങ്ങള്‍ക്കും ആരാധകര്‍ക്കും നന്ദിയറിയിക്കുന്നു. വിരമിക്കാനുള്ള ഉചിതമായ സമയമാണ് ഇതെന്നും' ഇയാന്‍ ബെല്‍ പറഞ്ഞു. 

ഇംഗ്ലണ്ടിനായി 118 ടെസ്റ്റുകളും 161 ഏകദിനങ്ങളും എട്ട് ടി20കളും കളിച്ച താരമാണ് ഇയാന്‍ ബെല്‍. ടെസ്റ്റില്‍ 7,727 റണ്‍സും ഏകദിനത്തില്‍ 5,416 റണ്‍സും നേടിയിട്ടുണ്ട്. ബെല്‍ കളിക്കുമ്പോള്‍ ഇംഗ്ലണ്ട് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തിയിരുന്നു. അഞ്ച് ആഷസ് കിരീടങ്ങള്‍ നേടിയ ടീമിന്‍റെ ഭാഗവുമായി. ഇതിലൊന്നില്‍ മാന്‍ ഓഫ് ദ് സീരിസ് പുരസ്‌കാരവും തേടിയെത്തി. 

ഇംഗ്ലണ്ടിനായി 2015ലാണ് അവസാനമായി ബെല്‍ കളിച്ചത്. പാകിസ്ഥാനെതിരായിരുന്നു ഈ മത്സരം. അവസാന ഏകദിനവും ഇതേ വര്‍ഷമായിരുന്നു. വാർ‌വിക്‌ഷയറുമായി ഈ വര്‍ഷം ജൂലൈ ഒന്നിന് കരാര്‍ നീട്ടിയിരുന്നെങ്കിലും വിരമിക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20000ത്തിലേറെയും റണ്‍സും ഇയാന്‍ ബെല്ലിന്‍റെ പേരിലുണ്ട്