സിഡ്‌നി: ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ് ഓസ്‌ട്രേലിയന്‍ പര്യടനം. നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ രോഹിത് ശര്‍മ ഇല്ലാത്തതും ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരത്തിന് ശേഷം കോലി മടങ്ങുന്നതും ടീമിന് തിരിച്ചടിയാവുമെന്നതില്‍ സംശയമൊന്നുമില്ല. പലരും ഇക്കാര്യം അഭിപ്രായപ്പെടുകയും ചെയ്തു. മുന്‍ ഓസ്‌ട്രേലിയന്‍ താരം ഇയാന്‍ ചാപ്പലും ഇക്കാര്യം തന്നെയാണ് പറയുന്നത്.

ഒന്നാം ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നത് പരന്പരയില്‍ ഇന്ത്യക്ക് തിരിച്ചടിയാവുമെന്നാണ് ചാപ്പലിന്റെ അഭിപ്രായം. ക്യാപ്റ്റനെ നഷ്ടപ്പെടുന്ന ഇന്ത്യക്ക് കോലിക്ക് പകരം നില്‍ക്കുന്ന താരത്തെ കണ്ടെത്താന്‍ കഴിയില്ലെന്നും ചാപ്പല്‍ പറഞ്ഞു. അഡലെയ്ഡില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിന് ശേഷമാണ് കോലി നാട്ടിലേക്ക് മടങ്ങുക. 

ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് ഒന്നാം ടെസ്റ്റ്. ജോ ബേണ്‍സിന് പകരം ഡേവിഡ് വാര്‍ണറിനൊപ്പം പുതുമുഖം വില്‍ പുക്കോവ്‌സ്‌കിയെ ഓപ്പണറാക്കണമെന്നും ചാപ്പല്‍ അഭിപ്രായപ്പെട്ടു. മൂന്ന് ഏകദിനങ്ങള്‍ക്കും മൂന്ന് ട്വന്റി 20യ്ക്കും ശേഷമാണ് ടെസ്റ്റ് പരന്പരയ്ക്ക് തുടക്കമാവുക. ഈമാസം 27നാണ് ഏകദിന പരന്പരയിലെ ആദ്യ മത്സരം.

കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ, അജിന്‍ക്യ, ചേതേശ്വര്‍ പൂജാര എന്നിവര്‍ ഉള്‍പ്പെടുന്ന സീനിയര്‍ താരങ്ങള്‍ക്ക് ഉത്തരവാദിത്തം. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്ന് രോഹിത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.