ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ വച്ച് നടക്കുന്നത്

തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങള്‍ക്ക് വേദിയാവുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ ഐസിസി, ബിസിസിഐ പ്രതിനിധികള്‍ വിലയിരുത്തി. സ്റ്റേഡിയത്തിലെത്തിയാണ് പ്രതിനിധി സംഘം ഒരുക്കങ്ങള്‍ നേരിട്ട് വീക്ഷിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ ഒരുക്കങ്ങളുടെ വിശദാംശങ്ങള്‍ സംഘത്തെ അറിയിച്ചു. 

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നത്. 10 വേദികളിലായി പത്ത് ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ആവേശം ഉയരുകയാണ്. ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരങ്ങള്‍ക്കാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്നത്. അഞ്ച് ദിവസങ്ങള്‍ക്കിടെ ടീം ഇന്ത്യയുടെ ഉള്‍പ്പടെ നാല് വാംഅപ് മത്സരങ്ങളാണ് ലോകകപ്പിന് മുന്നോടിയായി തിരുവനന്തപുരത്ത് നടക്കുക. സെപ്റ്റംബര്‍ 29ന് ദക്ഷിണാഫ്രിക്ക- അഫ്‌ഗാനിസ്ഥാന്‍ മത്സരമാണ് തിരുവനന്തപുരത്തെ ആദ്യ പരിശീലന മത്സരം. ഇതിന് ശേഷം 30-ാം തിയതി ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിലും ഒക്‌ടോബര്‍ 2ന് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും തമ്മിലും 3ന് ടീം ഇന്ത്യയും തിരുവനന്തപുരത്ത് വാംഅപ് മത്സരങ്ങള്‍ കളിക്കും. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ അവസാന വാംഅപ് മത്സരമായിരിക്കും കേരളത്തിലേത്. 

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പുറമെ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയം, ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയം, ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം, ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം, പുനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന് മുന്നോടിയായി എല്ലാ സ്റ്റേഡിയങ്ങളിലും അറ്റകുറ്റപണികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തിന് പുറമെ ഗുവാഹത്തിയും ഹൈദരാബാദും പരിശീലന മത്സരങ്ങള്‍ക്ക് വേദിയാവും.

Read more: 'ലോകകപ്പില്‍ കാര്യവട്ടത്തെ തഴഞ്ഞതല്ല'; വിവാദങ്ങളില്‍ വിശദീകരണവുമായി ജയേഷ് ജോർജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം