ഷമിയും കോലിയും മാത്രമല്ല; ലോകകപ്പിലെ മികച്ച താരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ മറ്റ് രണ്ട് ഇന്ത്യന്‍ താരങ്ങളും!
വിക്കറ്റ് വേട്ടക്കാരിൽ മിന്നും ഫോമിലുള്ള ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് ഒന്നാമന്‍

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ മികച്ച താരത്തിനായുള്ള ചുരുക്കപ്പട്ടിക ഐസിസി പുറത്തുവിട്ടു. നാല് ഇന്ത്യൻ താരങ്ങളാണ് പട്ടികയിലുള്ളത്. ഏകദിന ലോകകപ്പിലെ പുതിയ ചാമ്പ്യൻമാർ ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്ലെയർ ഓഫ് ദി ടൂർണമെന്‍റിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്.
വിരാട് കോലി, രോഹിത് ശർമ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ഗ്ലെൻ മാക്സ്‍വെൽ, ആദം സാംപ, ക്വിന്‍റൺ ഡി കോക്ക്, രച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്. ഡി കോക്ക്, രച്ചിൻ, മിച്ചൽ എന്നിവർ ഒഴികെയുള്ളവരെല്ലാം ഫൈനലിൽ കരുത്ത് തെളിയിക്കാൻ ഇറങ്ങുന്ന താരങ്ങളാണ്. 10 കളിയിൽ മൂന്ന് സെഞ്ചുറിയടക്കം 711 റൺസുള്ള വിരാട് കോലിയാണ് റൺവേട്ടക്കാരിൽ നിലവില്‍ ഒന്നാമൻ. കോലിയെ ഇനിയാരും മറികടക്കില്ല എന്ന് കരുതാം. കോലിക്ക് പിന്നിലുള്ള ഡി കോക്ക് 594 ഉം രച്ചിന്‍ 578 ഉം മിച്ചല്‍ 552 ഉം റണ്‍സുമായാണ് ലോകകപ്പ് അവസാനിപ്പിച്ചത്. 550 റൺസുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു.
വിക്കറ്റ് വേട്ടക്കാരിൽ മിന്നും ഫോമിലുള്ള ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് ഒന്നാമന്‍. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ ഇലവനിലെത്തിയ ഷമി വെറും ആറ് കളിയിൽ നിന്ന് 23 വിക്കറ്റുമായി അമ്പരപ്പിക്കുകയാണ്. 22 വിക്കറ്റുളള ഓസീസ് സ്‌പിന്നര്‍ ആദം സാംപയാണ് രണ്ടാമൻ. പത്ത് കളിയിൽ 18 വിക്കറ്റുള്ള പേസര്‍ ജസ്പ്രീത് ബുമ്ര അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നു. ഈ ലോകകപ്പിലെ ഏക ഇരട്ടസെഞ്ചുറിക്കാരന്‍ എന്ന പെരുമയുമായാണ് ഓസീസിന്‍റെ ഗ്ലെന്‍ മാക്സ്‍വെൽ ടൂര്‍ണമെന്‍റിലെ മികച്ച താരത്തിനുള്ള അന്തിമ പട്ടികയിലുള്ളത്. അഫ്‌ഗാനിസ്ഥാനെതിരെ ചേസിംഗില്‍ മാക്‌സ്‌വെല്‍ 128 പന്തില്‍ നേടിയ 201 റണ്‍സ് ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സായി വാഴ്‌ത്തപ്പെടുന്നു. 398 റണ്‍സാണ് മാക്‌സിയുടെ ഇതുവരെയുള്ള സമ്പാദ്യം.
ഏകദിന ഫോര്‍മാറ്റില്‍ 1992 ലോകകപ്പിലാണ് ഐസിസി പ്ലെയർ ഓഫ് ദി ടൂർണമെന്‍റിന് തുടക്കമായത്. ന്യൂസിലൻഡിന്‍റെ മാർട്ടിൻ ക്രോയ്ക്കായിരുന്നു പ്രഥമ പുരസ്കാരം. 1996ൽ ശ്രീലങ്കയുടെ സനത് ജയസൂര്യയും 1999ൽ ദക്ഷിണാഫ്രിക്കയുടെ ലാൻസ് ക്ലൂസ്‌നറും 2003ൽ സാക്ഷാല്‍ സച്ചിൻ ടെൻഡുൽക്കറും 2007ൽ ഓസീസിന്‍റെ ഗ്ലെൻ മഗ്രായും 2011ൽ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗും 2015ൽ ഓസീസ് പേസര്‍ മിച്ചൽ സ്റ്റാർക്കും കഴിഞ്ഞ ലോകകപ്പിൽ ന്യൂസിലന്‍ഡിന്‍റെ കെയ്ൻ വില്യംസണും ടൂർണമെന്‍റിന്‍റെ താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.