ഇന്ത്യക്കിന്ന് ഒന്നാം സ്ഥാനം നഷ്ടമായേക്കും, ജയിച്ചിട്ടും ഓസ്ട്രേലിയ അഫ്ഗാനും ബംഗ്ലാദേശിനും പിന്നിൽ തന്നെ
ഇന്ത്യയെക്കാളും ന്യൂസിലന്‍ഡിനെക്കാളും(+1.604) മികച്ച നെറ്റ് റണ്‍റേറ്റുള്ള ദക്ഷിണാഫ്രിക്കക്ക്(+2.360) നെതര്‍ലന്‍ഡ്സിനെതിരെ വെറുമൊരു ജയം പോലും ഒന്നാം സ്ഥാനത്ത് എത്താന്‍ അവസരം ഒരുക്കും

ധരംശാല: ലോകകപ്പ് ക്രിക്കറ്റില്‍ പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഇന്ത്യക്കിന്ന് നഷ്ടമായേക്കും. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറു പോയന്‍റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിനും ആറ് പോയന്‍റുണ്ടെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ(+1.821) മികവിലാണ് ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക ഇന്ന് ദുര്‍ബലരായ നെതര്‍ലന്‍ഡ്സിനെ നേരിടുന്നുണ്ട്.
ഇന്ത്യയെക്കാളും ന്യൂസിലന്‍ഡിനെക്കാളും(+1.604) മികച്ച നെറ്റ് റണ്‍റേറ്റുള്ള ദക്ഷിണാഫ്രിക്കക്ക്(+2.360) നെതര്‍ലന്‍ഡ്സിനെതിരെ വെറുമൊരു ജയം പോലും ഒന്നാം സ്ഥാനത്ത് എത്താന്‍ അവസരം ഒരുക്കും. ദക്ഷിണാഫ്രിക്ക-നെതര്‍ലന്‍ഡ്സ് മത്സരത്തില്‍ മഴ മൂലം ടോസ് വൈകുകയാണ്.മഴ മൂലം മത്സരം നടക്കാതിരുന്നാല്‍ ഇരു ടീമുകളും പോയന്‍റ് പങ്കിടും. അങ്ങനെ സംഭവിച്ചാല്‍ ഇന്ന് കൂടി ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് തുടരാം.ദക്ഷിണാഫ്രിക്ക ഇന്ത്യക്കും ന്യൂസിലന്‍ഡിനും പിന്നില്‍ മൂന്നാം സ്ഥാനത്ത് തുടരും.നെതര്‍ർലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചാലും ഇന്ത്യയുടെ ഒന്നാം സ്ഥാനം ഒരു ദിവസത്തേക്ക് കൂടി സുരക്ഷിതമാകും.
നാളെ അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ് പോരാട്ടമുള്ളളതിനാല്‍ അട്ടിമറികളൊന്നും ആവര്‍ത്തിച്ചില്ലങ്കില്‍ ന്യൂസിലന്‍ഡ് ജയിച്ചാല്‍ ഇന്ത്യ വീണ്ടും താഴേക്കിറങ്ങും. ഇന്ന് ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡ്സിനെയും നാളെ ന്യൂസിലന്‍ഡ് അഫ്ഗാനെയും തോല്‍പ്പിച്ചാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്താവും. എന്നാല്‍ വ്യാഴാഴ്ച ബംഗ്ലാദേശുമായി മത്സരമുള്ളതിനാല്‍ ഇന്ത്യക്ക് വീണ്ടും ഒന്നാം സ്ഥാനത്തെത്താന്‍ അവസരമുണ്ട്.
ശ്രീലങ്കക്കെതിരെ ഇന്നലെ നടന്ന മത്സരം ജയിച്ച ഓസ്ട്രേലിയ പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറിയെങ്കിലും ഇപ്പോഴും അഫ്ഗാനും ബംഗ്ലാദേശിനും പിന്നിലാണ്. മോശം നെറ്റ് റണ്‍റേറ്റാണ് ഓസീസിന് തിരിച്ചടിയായത്. ശ്രീലങ്ക ഒമ്പതാമതും നെതര്‍ലന്‍ഡ്സ് പത്താമതുള്ള പോയന്‍റ് പട്ടികയില്‍ അഫ്ഗാനോട് തോറ്റ ഇംഗ്ലണ്ട് അഞ്ചാമതും ഇന്ത്യയോട് തോറ്റ പാകിസ്ഥാന്‍ നാലാമതുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക