ജയത്തുടര്‍ച്ചയ്‌ക്ക് ദക്ഷിണാഫ്രിക്ക, അട്ടിമറിക്കാന്‍ നെതര്‍ലന്‍ഡ്‌സ്; ടോസ് വീണു, ഇരു ടീമിലും മാറ്റം
മഴമൂലം വൈകിയാണ് ധരംശാലയില്‍ ദക്ഷിണാഫ്രിക്ക- നെതര്‍ലന്‍ഡ്‌സ് മത്സരം ആരംഭിക്കുന്നത്

ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക- നെതര്‍ലന്‍ഡ്‌സ് പോരാട്ടം അല്‍പസമയത്തിനകം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഇരു ടീമുകളും ഓരോ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. പ്രോട്ടീസ് നിരയില്‍ തബ്രൈസ് ഷംസിക്ക് പകരം ജെറാള്‍ഡ് കോട്‌സേയും നെതര്‍ലന്‍ഡ്‌സില്‍ റയാന്‍ ക്ലൈന് പകരം ലോഗന്‍ വാന്‍ ബീക്കും പ്ലേയിംഗ് ഇലവനിലെത്തി. മറ്റ് മാറ്റങ്ങളൊന്നുമില്ല. ധരംശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ മത്സരത്തിന് മഴ ഭീഷണിയുണ്ട്.
ദക്ഷിണാഫ്രിക്ക: തെംബാ ബാവുമ (ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റാസ്സീ വാന്‍ ഡെര്‍ ഡ്യൂസന്‍, എയ്ഡൻ മാര്‍ക്രം, ഹെന്‍റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, കാഗിസോ റബാഡ, കേശവ് മഹാരാജ്, ജെറാള്‍ഡ് കോട്‌സേ, ലുങ്കി എന്‍ഗഡി.
നെതര്‍ലന്‍ഡ്‌സ്: വിക്രംജീത് സിംഗ്, മാക്‌സ് ഒഡൗഡ്, കോളിൻ ആക്കര്‍മാന്‍, ബാസ് ഡീ ലീഡ്, തേജാ നിഡമനുരു, സ്കോട് എഡ്‌വേഡ്‌സ് (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), സിബ്രാന്‍റ് എന്‍ഗെല്‍ബ്രെക്‌ട്. റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വ്, ലോഗന്‍ വാന്‍ ബീക്ക്, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മീകരെന്‍.
മഴമൂലം വൈകിയാണ് ധരംശാലയില്‍ ദക്ഷിണാഫ്രിക്ക- നെതര്‍ലന്‍ഡ്‌സ് മത്സരം ആരംഭിക്കുന്നത്. ലോകകപ്പിൽ ജയക്കുതിപ്പ് തുടരാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ശ്രീലങ്കയെ 102 റണ്‍സിനും കരുത്തരായ ഓസ്ട്രേലിയയെ 134 റണ്‍സിനും തകര്‍ത്തിന്‍റെ ആത്മവിശ്വാസം പ്രോട്ടീസിനുണ്ട്. ഇന്ന് കൂടി ജയിച്ച് പോയിന്‍റ് പട്ടികയിൽ മുന്നിലെത്തുകയാണ് പ്രോട്ടീസിന്‍റെ ലക്ഷ്യം. ബാറ്റര്‍മാരുടെ തകര്‍പ്പൻ ഫോമാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. രണ്ട് കളികളിലും സെഞ്ചുറി നേടിയ ക്വിന്‍റണ്‍ ഡി കോക്കും സെഞ്ചുറിയുമായി തിളങ്ങിയ വാൻ ഡെര്‍ ഡ്യൂസനും എയ്ഡൻ മാര്‍ക്രമും ഫിനിഷിംഗിന് ഹെന്‍റിച്ച് ക്ലാസനും ഡേവിഡ് മില്ലറും കൂടി ചേരുമ്പോൾ നെതര്‍ലൻഡ്സ് ബൗളര്‍മാര്‍ പാടുപെടും. പേസര്‍ കാഗിസോ റബാഡ നയിക്കുന്ന ബൗളിംഗ് നിരയും നല്ല പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.
പാകിസ്ഥാനോടും ന്യൂസിലൻഡിനോടും തോറ്റെത്തുന്ന നെതര്‍ലൻഡ്‌സാകാട്ടെ ദക്ഷിണാഫ്രിക്കക്കെതിരെ മറ്റൊരു അട്ടിമറി ജയം ലക്ഷ്യമിടുന്നു. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ 13 റണ്‍സിന്‍റെ ആവേശ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യതകൾ ഓറഞ്ച് പട തല്ലിക്കെടുത്തിയിരുന്നു. കോളിൻ ആക്കര്‍മാന്‍റെ ബാറ്റിംഗ് കരുത്തിലും ബാസ് ഡീ ലീഡിയുടെ ഓൾറൗണ്ട് മികവിലും പ്രതീക്ഷ വച്ചാണ് ഓറഞ്ച് പട ഇറങ്ങുന്നത്. ലോകകപ്പിൽ ഇതുവരെ മൂന്ന് തവണയാണ് ദക്ഷിണാഫ്രിക്കയും നെതര്‍ലൻഡ്സും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. അന്നെല്ലാം വൻ മാര്‍ജിനിൽ ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.
Read more: വീണ്ടും ദക്ഷിണാഫ്രിക്ക- നെതര്‍ലൻഡ്‌സ് അങ്കം; മറക്കാന്‍ പറ്റുമോ ഹെര്‍ഷൽ ഗിബ്‌സിന്‍റെ ആ ആറാട്ട്!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം