2007 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന്‍റെ മുപ്പതാം ഓവറില്‍ പന്തെറിയാൻ എത്തിയ നെതര്‍ലൻഡ്സ് സ്‌പിന്നര്‍ ഡാൻ വാൻ ബഞ്ചിനെ ഗ്യാലറിയിലേക്ക് തുടര്‍ച്ചയായി പറത്തി ഹെര്‍ഷൽ ഗിബ്‌സ് ചരിത്രമെഴുതുകയായിരുന്നു
ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക- നെതര്‍ലന്‍ഡ്‌സ് പോരാട്ടമാണ്. ദക്ഷിണാഫ്രിക്ക- നെതര്‍ലൻഡ്‌സ് അങ്കം വീണ്ടും വരുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മ്മയിലേക്ക് എത്തുക ഹെര്‍ഷൽ ഗിബ്സിന്‍റെ മുഖമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഓവറിൽ ആറ് സിക്സ് എന്ന ചരിത്രനേട്ടം ഗിബ്‌സ് സ്വന്തമാക്കിയത് നെതര്‍ലൻഡ്‌സിനെതിരെയാണ്.
2007 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിന്‍റെ മുപ്പതാം ഓവറില്‍ പന്തെറിയാൻ എത്തിയ നെതര്‍ലൻഡ്സ് സ്‌പിന്നര്‍ ഡാൻ വാൻ ബഞ്ചിനെ ഗ്യാലറിയിലേക്ക് തുടര്‍ച്ചയായി ആറുവട്ടം പറത്തി ഹെര്‍ഷൽ ഗിബ്‌സ് ചരിത്രമെഴുതുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായായിരുന്നു ഒരു താരം ഓവറിലെ ആറ് പന്തുകളും സിക്‌സറിന് പായിക്കുന്നത്. തൊട്ടുപിന്നാലെ നടന്ന ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയുടെ യുവരാജ് സിംഗ് ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഓവറിലെ ആറ് പന്തും സിക്സര്‍ പറത്തി ഇതിന്‍റെ പിന്തുടര്‍ച്ചക്കാരനായി. ഒരിക്കല്‍ക്കൂടി ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയും നെതര്‍ലന്‍ഡ്‌സും മുഖാമുഖം വരുമ്പോള്‍ ആരെങ്കിലും പഴയ ഗിബ്‌സാകുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ധരംശാലയിലാണ് ദക്ഷിണാഫ്രിക്ക- നെതര്‍ലന്‍ഡ്‌സ് മത്സരം. ലോകകപ്പിൽ ജയക്കുതിപ്പ് തുടരാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ശ്രീലങ്കയെ 102 റണ്‍സിനും കരുത്തരായ ഓസ്ട്രേലിയയെ 134 റണ്‍സിനും തകര്‍ത്തിന്‍റെ ആത്മവിശ്വാസം പ്രോട്ടീസിനുണ്ട്. ഇന്ന് കൂടി ജയിച്ച് പോയിന്‍റ് പട്ടികയിൽ മുന്നിലെത്തുകയാണ് പ്രോട്ടീസിന്‍റെ ലക്ഷ്യം. ബാറ്റര്‍മാരുടെ തകര്‍പ്പൻ ഫോമാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. രണ്ട് കളികളിലും സെഞ്ചുറി നേടിയ ക്വിന്‍റണ്‍ ഡി കോക്കും സെഞ്ചുറിയുമായി തിളങ്ങിയ വാൻ ഡെര്‍ ഡ്യൂസനും എയ്ഡൻ മാര്‍ക്രമും ഫിനിഷിംഗിന് ഹെൻട്രിച്ച് ക്ലാസനും ഡേവിഡ് മില്ലറും കൂടി ചേരുമ്പോൾ നെതര്‍ലൻഡ്സ് ബൗളര്‍മാര്‍ പാടുപെടും. പേസര്‍ കാഗിസോ റബാഡ നയിക്കുന്ന ബൗളിംഗ് നിരയും നല്ല പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
പാകിസ്ഥാനോടും ന്യൂസിലൻഡിനോടും തോറ്റെത്തുന്ന നെതര്‍ലൻഡ്‌സാകാട്ടെ ദക്ഷിണാഫ്രിക്കക്കെതിരെ മറ്റൊരു അട്ടിമറി ജയം ലക്ഷ്യമിടുന്നു. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ 13 റണ്‍സിന്‍റെ ആവേശ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യതകൾ ഓറഞ്ച് പട തല്ലിക്കെടുത്തിയിരുന്നു. കോളിൻ ആക്കര്‍മാന്‍റെ ബാറ്റിംഗ് കരുത്തിലും ബാസ് ഡീ ലീഡിയുടെ ഓൾറൗണ്ട് മികവിലും പ്രതീക്ഷ വച്ചാണ് ഓറഞ്ച് പട ഇറങ്ങുന്നത്. ലോകകപ്പിൽ ഇതുവരെ മൂന്ന് തവണയാണ് ദക്ഷിണാഫ്രിക്കയും നെതര്‍ലൻഡ്സും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. അന്നെല്ലാം വൻ മാര്‍ജിനിൽ ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.
ഗിബ്‌സിന്‍റെ സിക്‌സുകള്‍- വീഡിയോ
