ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ ഷോണ്‍ വില്യംസിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു
ക്വീന്‍സ് സ്പോര്‍ട്‌സ് ക്ലബ്: ഐസിസി ഏകദിന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ സൂപ്പര്‍ സിക്‌സില്‍ സിംബാബ്‌വെയെ വിറപ്പിച്ച് കീഴടങ്ങി ഏഷ്യന്‍ കുഞ്ഞന്‍മാരായ ഒമാന്‍. സിംബാബ്‌വെ മുന്നോട്ടുവെച്ച 333 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഒമാന്‍ 14 റണ്‍സിന്‍റെ മാത്രം തോല്‍വിയാണ് വഴങ്ങിയത്. 50 ഓവറില്‍ 9 വിക്കറ്റിന് 318 എന്ന സ്കോറിന് ഒമാന്‍ പോരാട്ടം അവസാനിപ്പിച്ചു. ഒമാനായി കശ്യപ് പ്രജാപതി സെഞ്ചുറി നേടി. സ്കോര്‍: സിംബാബ്‌വെ-332/7 (50), ഒമാന്‍-318/9 (50). സിംബാബ്‌വെക്കായി തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഷോണ്‍ വില്യംസ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ ഫോമിലുള്ള ബാറ്റര്‍ ഷോണ്‍ വില്യംസിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 332 റണ്‍സ് സിംബാബ്‌വെക്ക് സ്കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ക്കാനായി. യോഗ്യതാ മത്സരങ്ങളിലെ തകര്‍പ്പന്‍ ഫോം തുടരുന്ന വില്യംസ് 103 പന്തില്‍ 14 ഫോറും 3 സിക്‌സറും സഹിതം 142 റണ്‍സെടുത്തു. 28 പന്തില്‍ 43 റണ്‍സെടുത്ത ലൂക്ക് ജോങ്‍വ, 49 ബോളില്‍ 42 റണ്‍സെടുത്ത സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സിക്കന്ദര്‍ റാസ എന്നിവരും തിളങ്ങി. നായകന്‍ ക്രെയ്‌ഗ് ഇര്‍വീന്‍ 24 റണ്‍സില്‍ പുറത്തായി. ഒമാനായി ഫയ്യാസ് ബട്ട് നാലും ബിലാല്‍ ഖാനും കലീമുല്ലയും ക്യാപ്റ്റന്‍ സീഷന്‍ മഖ്‌സൂദും ഓരോ വിക്കറ്റും വീഴ്‌ത്തി.
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ജതീന്ദര്‍ സിംഗ് രണ്ട് റണ്ണില്‍ പുറത്തായെങ്കിലും സഹ ഓപ്പണര്‍ കശ്യപ് പ്രജാപതി നേടിയ സെഞ്ചുറിയാണ് ഒമാന് വലിയ പ്രതീക്ഷ നല്‍കിയത്. കശ്യപ് 97 ബോളില്‍ 12 ഫോറും 1 സിക്‌സും സഹിതം 103 റണ്‍സെടുത്തു. അഖീബ് ഇല്യാസ് 45 ഉം, അയാന്‍ ഖാന്‍ 47 ഉം, ഷൊയൈബ് ഖാന്‍ 11 ഉം, നസീം ഖുശി 12 ഉം, ഫയാസ് ബട്ട് 10 ഉം, കലീമുല്ല ഒന്നും സീഷന്‍ മഖ്‌സൂദ് 37 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ അവസാന 18 പന്തില്‍ 37 റണ്‍സ് നേടാനാവാതെ ഒമാന്‍ പൊരുതി വീഴുകയായിരുന്നു. 18 പന്തില്‍ 30* റണ്‍സുമായി മുഹമ്മദ് നദീം പുറത്താവാതെ നിന്നു. ഇതോടെ സിംബാബ്‌വെ 14 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. സിംബാബ്‌വെക്കായി ചതാരയും ബ്ലെസിംഗും മൂന്ന് വീതവും റിച്ചാര്‍ഡ് രണ്ടും റാസ ഒന്നും വിക്കറ്റ് സ്വന്തമാക്കി.
Read more: ശിഖര്‍ ധവാന്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്; മടങ്ങിവരിക ഏഷ്യന്‍ ഗെയിംസില്‍- റിപ്പോര്‍ട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
