കാർ അപകടത്തില്‍ പരിക്കേറ്റ ശേഷം റിഷഭ് പന്തിന് ഉചിതനായ പകരക്കാരനെ കണ്ടെത്താന്‍ പോലും ബിസിസിഐയുടെ സെലക്ടർമാർക്കായിരുന്നില്ല

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയില്‍ അതിരൂക്ഷ വിമർശനം നേരിടുന്ന ഇന്ത്യന്‍ ടീമിന് ഉപദേശവുമായി മുന്‍ താരം സഞ്ജയ് മഞ്ജരേക്കർ. ടെസ്റ്റ് ക്രിക്കറ്റിലെ ഭാവി മുന്‍നിർത്തി യുവതാരങ്ങള്‍ക്ക് കൂടുതലായി അവസരങ്ങള്‍ നല്‍കണം എന്നാണ് മഞ്ജരേക്കറുടെ പക്ഷം. രോഹിത് ശർമ്മ, വിരാട് കോലി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് തുടങ്ങിയ സീനിയർ താരങ്ങള്‍ എത്രകാലം ടെസ്റ്റ് കളിക്കും എന്ന ചോദ്യം നിലനില്‍ക്കേയാണ് മഞ്ജരേക്കർ തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. കാർ അപകടത്തില്‍ പരിക്കേറ്റ ശേഷം വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ഉചിതനായ പകരക്കാരനെ കണ്ടെത്താന്‍ പോലും ബിസിസിഐയുടെ സെലക്ടർമാർക്കായിരുന്നില്ല.

'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിന്‍റെ ഗെയിം ചേഞ്ചർമാർ സ്റ്റീവ് സ്മിത്തും ട്രാവിഡ് ഹെഡുമായിരുന്നു. ഇരവരും ഏറെ ടി20 കളിക്കുന്നവരല്ല. അതിനാല്‍ ഐപിഎല്ലില്‍ ഐപിഎല്ലില്‍ നിന്ന് ടെസ്റ്റിലേക്ക് എത്തുമ്പോള്‍ താളം പിഴയ്ക്കാത്ത ക്രിക്കറ്റർമാരെ നമ്മള്‍ കണ്ടെത്തണം. വിദേശ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ കഴിയുന്ന ഭാവി താരങ്ങളെ സെലക്ടർമാർ പരിഗണിക്കണം. കുറഞ്ഞത് മൂന്ന് പുതിയ ബാറ്റർമാർക്കൊപ്പം ബൗളർമാരും ടീമില്‍ വരണം' എന്നും മഞ്ജരേക്കർ കൂട്ടിച്ചേർത്തു. ഐപിഎല്‍ കഴിഞ്ഞ് നേരെ ഇംഗ്ലണ്ടിലെ ഓവലില്‍ ഓസീസിനെതിരെ ടെസ്റ്റ് ഫൈനല്‍ കളിക്കാന്‍ പോയ ടീം ഇന്ത്യ ദയനീയമായി പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ തവണത്തെ ഫൈനലില്‍ ന്യൂസിലന്‍ഡിനോടും ഇന്ത്യ തോറ്റു.

2013ന് ശേഷം ഐസിസി കിരീടമില്ലാത്ത ടീം ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടാവട്ടവും കിരീടം കൈവിട്ടത് വലിയ വിമർശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ യുവതാരങ്ങളെ പരീക്ഷിക്കണം എന്ന ആവശ്യം ശക്തമാണ്. റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‍സ്വാള്‍ തുടങ്ങിയ പല പേരുകളും നിർദേശിക്കപ്പെടുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസിനെതിരെ ഫൈനലിലേക്ക് അവസാന നിമിഷം അജിങ്ക്യ രഹാനെയെ തിരിച്ചുവിളിക്കേണ്ടി വന്നു. ചേതേശ്വർ പൂജാരയും ക്യാപ്റ്റന്‍ രോഹിത് ശർമ്മയും ഉള്‍പ്പടെയുള്ളവർ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും പരിക്കിന്‍റെ പിടിയിലുമാണ്. പുതിയ ബൗളർമാരെയും ടീം ഇന്ത്യ പരീക്ഷിച്ചേ മതിയാകൂ എന്ന ആവശ്യവും ശക്തമാണ്. പരിക്ക് മാറി ജസ്പ്രീത് ബുമ്ര തിരിച്ചെത്തും എന്നത് മാത്രമാണ് ബൗളിംഗ് നിരയില്‍ നിലവില്‍ പ്രതീക്ഷിക്കുന്ന മാറ്റം. 

Read more: സാഹ ചിത്രത്തിലില്ല, കെ എസ് ഭരതും തെറിക്കും; വിന്‍ഡീസ് പര്യടനത്തില്‍ യുവ കീപ്പർമാർക്ക് സാധ്യത

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News