ദുബായ്: ഐസിസിയുടെ പതിറ്റാണ്ടിന്‍റെ പുരുഷ ടെസ്റ്റ് ടീം നായകന്‍ ഇന്ത്യയുടെ വിരാട് കോലി. വമ്പന്‍ ബാറ്റിംഗ്-ബൗളിംഗ് നിരയുള്ള ഇലവനില്‍ രവിചന്ദ്ര അശ്വിന്‍ മാത്രമാണ് കോലിക്ക് പുറമെ ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ചത്. 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വിരാട് കോലി 2014 മുതല്‍ ഇന്ത്യന്‍ ടീം നായകനാണ്. 

നാല് ഇംഗ്ലീഷ് താരങ്ങള്‍ ഇടംപിടിച്ചപ്പോള്‍ സമകാലിക ക്രിക്കറ്റിലെ ഫാബുലസ് ഫോറിലുള്ള ജോ റൂട്ടിന് ടീമില്‍ സ്ഥാനമില്ല. പതിറ്റാണ്ടിന്‍റെ ഏകദിന, ടി20 ടീമുകളുടെ നായകനായ എം എസ് ധോണിക്കും ടെസ്റ്റ് ടീമില്‍ ഇടമില്ല. വിരമിച്ച സംഗക്കാര, കുക്ക്, സ്റ്റെയ്‌ന്‍ എന്നിവര്‍ ഇടംപിടിച്ചു.

'തല' നയിക്കും; പതിറ്റാണ്ടിലെ മികച്ച പുരുഷ ടി20 ടീമിനെ പ്രഖ്യാപിച്ച് ഐസിസി, സര്‍പ്രൈസുകളേറെ

ഇംഗ്ലീഷ് ഇതിഹാസം അലിസ്റ്റര്‍ കുക്കും ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ഡേവിഡ് വാര്‍ണറുമാണ് ഓപ്പണര്‍മാര്‍. ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍, ഇന്ത്യയുടെ വിരാട് കോലി എന്നിവരാണ് നിര്‍ണായക മൂന്നും നാലും നമ്പറുകളില്‍. ടീമിന്‍റെ ബാറ്റിംഗ് കരുത്ത് ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല. ടെസ്റ്റ് നമ്പര്‍ വണ്‍ ബാറ്റ്സ്‌മാന്‍ ഓസീസിന്‍റെ സ്റ്റീവ് സ്‌മിത്തും ലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയും ബാറ്റിംഗ് കരുത്ത് കൂട്ടുന്നു. സംഗയാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. 

പതിറ്റാണ്ടിന്‍റെ ഏകദിന ടീമിനും ധോണി നായകന്‍; ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഇന്ത്യയില്‍ നിന്ന്

ഇംഗ്ലണ്ട് സെന്‍സേഷന്‍ ബെന്‍ സ്റ്റോക്‌സ് ഓള്‍റൗണ്ടറായും ടീമിലുണ്ട്. ഇന്ത്യയുടെ ആര്‍ അശ്വിനാണ് ടീമിലെ ഏക സ്‌പിന്നര്‍. പേസ് നിരയിലും വമ്പന്‍ താരനിരയുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഡെയ്‌ല്‍ സ്റ്റെയ്‌നൊപ്പം ഇംഗ്ലീഷ് സഖ്യം സ്റ്റുവര്‍ട്ട് ബ്രോ‍ഡും ജിമ്മി ആന്‍ഡേഴ്‌സണും പേസര്‍മാരായി ഇലവനില്‍ ഇടംപിടിച്ചു.