ചാമ്പ്യൻസ് ട്രോഫിയിൽ തിളങ്ങിയാൽ ശുഭ്മാൻ ഗില്ലിനെ കാത്തിരിക്കുന്നത് ശുഭ വാർത്ത, ബാബർ അസമിന് തിരിച്ചടി

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ തിളങ്ങിയാൽ ഐസിസി ഏകദിന റാങ്കിംഗിൽ ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനത്തെത്തും.

ICC ODI rankings: set back for Babar Azam, Shubman Gill can move to No.1 in ICC ODI Ranking

ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഇന്ത്യൻ താരം ശുഭ്മാന്‍ ഗില്ലിനെ കാത്തിരിക്കുന്നത് ശുഭവാര്‍ത്ത. ചാമ്പ്യൻസ് ട്രോഫിയില്‍ തിളങ്ങിയാല്‍ ഐസിസി ഏകദിന റാങ്കിംഗില്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനം ഉറപ്പാക്കും. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാന്‍ താരം ബാബര്‍ അസമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാകും ഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരുക.

ചാമ്പ്യൻസ് ട്രോഫിക്ക് തുടക്കമാകാനിരിക്കെ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ നിലവില്‍ 786 റേറ്റിംഗ് പോയന്‍റുമായി ബാബര്‍ അസം തന്നെയാണ് ഒന്നാം സ്ഥാനത്ത്. വെറും അഞ്ച് പോയന്‍റ് വ്യത്യാസത്തില്‍ 781 റേറ്റിംഗ് പോയന്‍റോടെ ശുഭ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്താണ്. എന്നാല്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിലും തിളങ്ങാനാവാഞ്ഞതോടെ ബാബറിനെ പിന്തള്ളി ഗില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സാധ്യതയേറി.

ചാമ്പ്യൻസ് ട്രോഫി അവര്‍ 3 പേരുടെയും അവസാന ഐസിസി ടൂ‍ർണമെന്‍റ്, തുറന്നു പറഞ്ഞ് ആകാശ് ചോപ്ര

ത്രിരാഷ്ട്ര പരമ്പരയിലെ മൂന്ന് കളികളിലും പാകിസ്ഥാനുവേണ്ടി ഓപ്പണറായി ഇറങ്ങിയ ബാബര്‍ അസമിന് 20.67 ശരാശരിയില്‍ 62 റണ്‍സ് മാത്രമെ നേടാനായിരുന്നുള്ളു. അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് കളികളില്‍ രണ്ട് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും ഉള്‍പ്പെടെ 86.33 ശരാശരിയില്‍ ശുഭ്മാന്‍ ഗില്‍ 259 റണ്‍സടിക്കുകയും ചെയ്തു.

2021ലാണ് ബാബര്‍ അസം ആദ്യമായി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 1258 ദിവസം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ഇന്ത്യയുടെ വിരാട് കോലിയെ പിന്തള്ളിയായിരുന്നു ബാബര്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. പിന്നീട് ഒന്നാം സ്ഥാനം നഷ്ടമായ ബാബര്‍ 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെ ഡിസംബറില്‍ ശുഭ്മാന്‍ ഗില്ലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് വര്‍ഷമായതിനാല്‍ ടീമുകളിലധികവും ടി20 ക്രിക്കറ്റില്‍ ശ്രദ്ധിച്ചതിനാല്‍ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ബാബര്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios