ട്വന്റി 20 ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അപേക്ഷകള്‍ തള്ളിയതിനെതിരെ ബംഗ്ലാദേശിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെ തുടർന്ന്, അക്രഡിറ്റേഷന്‍ പ്രക്രിയ പുനക്രമീകരിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചു. 

ദുബായ്: ട്വന്റി 20 ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ബംഗ്ലാദേശില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കായി അക്രഡിറ്റേഷന്‍ പ്രക്രിയ പുനക്രമീകരിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വേദിമാറ്റം ആവശ്യപ്പെട്ട് ഐസിസിയെ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ഐസിസി ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലന്‍ഡിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

'അക്രഡിറ്റേഷനുള്ള അഭ്യര്‍ത്ഥനകളുടെ എണ്ണത്തിലും മത്സരക്രമത്തിലും മാറ്റം വന്നതിനാല്‍ പുനക്രമീകരണം നടത്തുകയാണ്. ഇതുപ്രകാരം പുതിയ പട്ടികയുണ്ടാകും,' ഐസിസി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 90 മാധ്യമപ്രവര്‍ത്തകരാണ് മാധ്യമ അക്രഡിറ്റേഷനായി അപേക്ഷിച്ചിരിക്കുന്നതെന്നും ബംഗ്ലാദേശ് പങ്കെടുക്കുന്ന സാഹചര്യത്തില്‍പ്പോലും ഇത്രയും പേര്‍ക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്നും ഐസിസി വൃത്തങ്ങള്‍ അറിയിക്കുന്നു.

''നാല്‍പ്പതിലധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കാന്‍ കഴിയില്ല. ക്രിക്കറ്റ് ബോര്‍ഡിന്റെ ശുപാര്‍ശ അനുസരിച്ചാണ് അപേക്ഷകളില്‍ ഐസിസി തീരുമാനമെടുക്കുന്നത്,'' ഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.

ട്വന്റി 20 ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അപേക്ഷകള്‍ ഐസിസി തള്ളിയെന്ന് ചൂണ്ടിക്കാണിച്ച് ബംഗ്ലാദേശിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ബംഗ്ലാദേശ് ലോകകപ്പിന്റെ ഭാഗമാകുന്നത് 1999ലാണ്. ഇതിന് മുന്‍പുള്ള ലോകകപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ അപേക്ഷ വരെ തള്ളിയാതായാണ് ആക്ഷേപം. ഇതില്‍ ഒരു വിശദീകരണം നല്‍കാന്‍ ഐസിസി തയാറായിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിച്ചിട്ടുണ്ട്.

'ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശ് കളിച്ചിട്ടില്ല. എന്നിട്ടും ബംഗ്ലാദേശില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ടൂര്‍ണമെന്റ് റിപ്പോര്‍ട്ട് ചെയ്തു. ഫിഫ ലോകകപ്പിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. പക്ഷേ, ഇത്തവണ മാത്രം നിഷേധിക്കപ്പെട്ടു. ബംഗ്ലാദേശ് കളിക്കുന്നില്ലെങ്കിലും മാധ്യമപ്രവര്‍ത്തകരോട് എന്തിനാണ് ഇത്തരമൊരു സമീപനം,' ബംഗ്ലാദേശ് മാധ്യമപ്രവര്‍ത്തകനായ നാസ്മസ് ഷാക്കീബ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിക്കവെ പറഞ്ഞു.

അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനായി വീണ്ടും ബംഗ്ലാദേശ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം. ഓരോ അപേക്ഷയും കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും അനുമതി നല്‍കുക.

YouTube video player