ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലെ ഹസ്തദാന വിവാദത്തെ തുടർന്ന് മാച്ച് റഫറിയെ മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐസിസി തള്ളി.
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിരെ ഹസ്തദാന വിവാദത്തിന് പിന്നാലെ മത്സരത്തിലെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം ഐസിസി ഔദ്യോഗികമായി തള്ളി. ഇക്കാര്യം പാക് ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതോടെ മാച്ച് റഫറിയെ മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയ പാകിസ്ഥാന്‍ വെട്ടിലായി.
ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനത്തിന് മുതിരരുതെന്ന് മാച്ച് റഫറി പാക് ക്യാപ്റ്റനോട് നിര്‍ദേശിച്ചുവെന്നും മാച്ച് റഫറിയുടെ നടപടി പക്ഷപാതപരമാണെന്നുമായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് നല്‍കിയ പരാതി. എന്നാല്‍ ടോസിനുശേഷം പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ ഹസ്തദാനത്തിന് ശ്രമിക്കുകയും സൂര്യകുമാർ യാദവ് അത് നിഷേധിക്കുകയും ചെയ്താല്‍ അത് പാക് നായകന് വലിയ നാണക്കേട് ആകുമെന്ന സദുദ്ദേശത്തോടെയുള്ള മുന്നറിയിപ്പാണ് മാച്ച് റഫറി നല്‍കിയതെന്നും അതില്‍ പക്ഷപാതമിലലെന്നും ഐസിസി പാക് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
ഇതോടെ മാച്ച് റഫറിയെ മാറ്റിയില്ലെങ്കില്‍ ഏഷ്യാ കപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണി ഉയർത്തിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് എന്ത് നിലപാടെടുക്കുന്നുവെന്നതാണ് ഇനി അറിയേണ്ടത്. ഏഷ്യായ കപ്പില്‍ നാളെ നടക്കുന്ന പാകിസ്ഥാന്‍ -യുഎഇ മത്സരത്തിലും ആന്‍ഡി പൈക്രൊഫ്റ്റ് തന്നെയാണ് മാച്ച് റഫറി. ഈ മത്സരം ജയിച്ചില്ലെങ്കിൽ പാകിസ്ഥാൻ സപ്പര്‍ ഫോറിലെത്താതെ പുറത്താവാന്‍ സാധ്യതയുണ്ട്.
ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിലെ ടോസിനുശേഷം സാധാരണഗതിയില്‍ ക്യാപ്റ്റന്‍മാര്‍ നടത്താറുള്ള പതിവ് ഹസ്തദാനം സൂര്യയും സൽമാൻ ആഘയും ഒഴിവാക്കിയിരുന്നു. മത്സരം പൂര്‍ത്തിയായശേഷവും ഇന്ത്യൻ താരങ്ങളാരും ഗ്രൗണ്ടിലേക്കിറങ്ങി പാക് താരങ്ങളുമായി പതിവ് ഹസ്തദാനത്തിന് മുതിര്‍ന്നിരുന്നില്ല. ഹസ്തദാനത്തിനായി കുറച്ചു നേരം ഗ്രൗണ്ടില്‍ കാത്തു നിന്ന പാക് താരങ്ങള്‍ പിന്നീട് ഇന്ത്യൻ ഡ്രസ്സിംഗ് റൂമിന് അടുത്തെത്തിയെങ്കിലും ഡ്രസ്സിംഗ് റൂമിന്‍റെ വാതിലുകള്‍ അടച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പാക് ടീം മാച്ച് റഫറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്.


