സിഡ്നി: ഐസിസി ടി20 ലോകകപ്പിനെ കുറിച്ചുള്ള അന്തിമ തീരുമാനം ഉടനില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസി ബോര്‍ഡ് മീറ്റിങ്ങില്‍ അന്തിമ തീരുമാനമുണ്ടാവും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യോഗം തീരുമാനമാവാതെ പിരിഞ്ഞു. ഇക്കാര്യത്തില്‍ ഒരു തീരുമാനമറിയാന്‍ ജൂണ്‍ 10വരെ കാത്തിരിക്കണം. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ് നടക്കേണ്ടത്. 

ടി20 ലോകകപ്പിനെക്കുറിച്ച് കൂടുതല്‍ സാധ്യതകള്‍ തങ്ങള്‍ പരിശോധിക്കുകയാണെന്ന് ഐസിസി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ലോകകപ്പ് നടക്കില്ലെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2022ല്‍ നടത്തുമെന്നും വാര്‍ത്തകള്‍ വന്നു. അങ്ങനെ മാറ്റിവെക്കുകയാണെങ്കില്‍ ഒക്ടോബറില്‍ ഐപിഎല്‍ നടത്താനും പദ്ധതിയുണ്ടായിരുന്നു.

ഇതിനിടെ ഐപിഎല്‍ നടത്താന്‍ വേണ്ടി ഐസിസി ലോകകപ്പ് മാറ്റിവെക്കുന്നതാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കിയിരുന്നു. ലോകകപ്പ് മാറ്റിയാല്‍ ബിസിസിഐക്ക് ഐപിഎല്‍ നടത്താനാകും. ഐപിഎല്ലിന് നടത്താന്‍ വേണ്ടി ഐസിസി വഴങ്ങികൊടുക്കുകയാണെന്നാണ് പിസിബിയുടെ ആരോപണം. ലോകകപ്പിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കരുതെന്നാണ് പിസിബി പറഞ്ഞത്.