സുരക്ഷാ കാരണങ്ങളാൽ ടി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഐസിസി പുതിയ നിർദേശം മുന്നോട്ടുവെച്ചു.
ദുബായ്: ടി20 ലോകകപ്പില്‍ വേദിമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങി ഐസിസി. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ച് ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിശ്ചയിക്കപ്പെട്ട മത്സരങ്ങള്‍ നിഷ്പക്ഷവേദിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബംഗ്ലാദേശ് ഐസിസിക്ക് കത്തയച്ചത്. എന്നാല്‍ ആവശ്യം ഐസിസി തള്ളുകയും ബംഗ്ലാദേശ് ഇന്ത്യയില്‍ തന്നെ ലോകകപ്പ് കളിക്കണമെന്ന് ഐസിസി ആവശ്യപ്പെട്ടു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ നിന്ന് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ പുറത്താക്കിയതിന് പിന്നാലെയാണ് ബിസിബി വേദിമാറ്റം ആവശ്യപ്പെട്ടത്. എന്നാലിപ്പോള്‍ ഇന്ത്യയില്‍ തന്നെ പുതിയ രണ്ട് വേദികള്‍ ബംഗ്ലാദേശിന് നിര്‍ദേശിച്ചിരിക്കുകയാണ് ഐസിസി. നിലവില്‍ കൊല്‍ക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനുപകരം പുതിയ വേദികളായി ചെന്നൈയും തിരുവനന്തപുരവുമാണ് ഐസിസി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗ്ലാദേശിന് സുരക്ഷിതമായി കളിക്കാന്‍ സാധിക്കുന്ന വേദികളായി ചെന്നൈ ചെപ്പോക്കും തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവുമാണ് ഐസിസി മുന്നോട്ടുവെച്ചിരിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം അംഗീകരിച്ചാല്‍ കേരളത്തില്‍ ലോകകപ്പ് പോരാട്ടം നടന്നേക്കും. മാസങ്ങള്‍ക്ക് മുന്‍പ് ഉണ്ടാക്കിയ ധാരണ പ്രകാരം ലോകകപ്പിലെ പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയായിരുന്നു ബംഗ്ലാദേശും വേദിമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

