ക്രൈസ്റ്റ് ചര്‍ച്ചില്‍  നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ ന്യൂസിലന്‍ഡ് 48 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു

ക്രൈസ്റ്റ് ചര്‍ച്ച്: ചിലപ്പോഴൊക്കെ ഗാലറിയിലെ ആരാധകരുടെ വിസ്‌മയ ക്യാച്ചുകള്‍ കണ്ട് നമ്മള്‍ അത്ഭുതം കൊള്ളാറുണ്ട്. ക്യാച്ചെടുത്ത കാണിയെ ടീമിലെടുത്തൂടേ എന്നുവരെ ചിന്തിച്ചുപോകും. അത്ര മനോഹരമായ ക്യാച്ചുകളുമായി അമ്പരപ്പിക്കുന്ന ആരാധകരുടെ കൂട്ടത്തിലേക്ക് ഒരു കാണി ന്യൂസിലന്‍ഡില്‍ നിന്ന് ഇടംപിടിച്ചിരിക്കുകയാണ്. ട്വന്‍റി 20 ലോകകപ്പിന് മുന്നോടിയായി ന്യൂസിലന്‍ഡും പാകിസ്ഥാനും ബംഗ്ലാദേശും കളിക്കുന്ന ത്രിരാഷ്‌ട്ര ടി20 പരമ്പരയിലായിരുന്നു ഈ സംഭവം. 

മത്സരത്തില്‍ സംഭവിച്ചത്

ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ ന്യൂസിലന്‍ഡ് 48 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ കയ്യടി വാങ്ങുകയായിരുന്നു സൂപ്പര്‍ ക്യാച്ചുമായി ഒരു ആരാധകന്‍. കിവീസ് ഇന്നിംഗ്‌സിലെ 16-ാം ഓവറില്‍ ഷാക്കിബ് അല്‍ ഹസനെ സിക്‌സറിന് പറത്തിയ ഗ്ലെന്‍ ഫിലിപ്‌സിന്‍റെ ഷോട്ടാണ് ആരാധകന്‍ സുന്ദരമായി കൈകളിലാക്കിയത്. ക്യാച്ചെടുത്തതിന്‍റെ ആവേശം കൂട്ടുകാരുമായി പങ്കിട്ട ആരാധകന് നിറകയ്യടികളുമായി ഗാലറിയിലെ ആരാധകക്കൂട്ടമെത്തി. 

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 208 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിന് എഴ് വിക്കറ്റിന് 160 റണ്‍സേ നേടാനായുള്ളൂ. ഫിന്‍ അലന്‍(19 പന്തില്‍ 32), ദേവോണ്‍ കോണ്‍വേ(40 പന്തില്‍ 64),മാര്‍ട്ടിന്‍ ഗുപ്റ്റില്‍(27 പന്തില്‍ 34), ഗ്ലെന്‍ ഫിലിപ്‌സ്(24 പന്തില്‍ 60) എന്നിവരാണ് കിവികളെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ 44 പന്തില്‍ 70 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ മാത്രമേ ബംഗ്ലാ കടുവകള്‍ക്കായി പൊരുതിയുള്ളൂ. ആദം മില്‍നെ മൂന്നും മിച്ചല്‍ ബ്രേസ്‌വെല്ലും ടിം സൗത്തിയും രണ്ട് വീതവും ക്യാച്ചുമായി തിളങ്ങി. ഇതോടെ കിവീസ്-പാക് ഫൈനലിന് കളമൊരുങ്ങി. 

ഷാക്കിബ് മാത്രം തിളങ്ങി, ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പുറത്ത്; കിവീസ്- പാക് ഫൈനല്‍