കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ആദ്യമായാണ് കോലി ബാറ്റര്‍മാരുടെ ആദ്യ പത്തില്‍ നിന്ന് പുറത്താവുന്നത്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന റാങ്കിംഗില്‍ എട്ടാം സ്ഥാനത്തായിരുന്നു കോലി.

ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍(ICC T20I rankings) ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിക്ക്(Virat Kohli) കനത്ത തിരിച്ചടി. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍(INDvNZ) നിന്ന് വിശ്രമം എടുത്ത കോലി ബാറ്റര്‍മാരുടെ റാങ്കിംഗിലെ ആദ്യ പത്തില്‍ നിന്ന് പുറത്തായി. ഏറ്റവും പുതിയ റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്താണ് കോലി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ആദ്യമായാണ് കോലി ബാറ്റര്‍മാരുടെ ആദ്യ പത്തില്‍ നിന്ന് പുറത്താവുന്നത്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന റാങ്കിംഗില്‍ എട്ടാം സ്ഥാനത്തായിരുന്നു കോലി.

അതേസമയം, ഇന്ത്യയുടെ പുതിയ ടി20 നായകനായി ചുമതലയേറ്റ രോഹിത് ശര്‍മ(Rohit Sharma) ന്യൂസിലന്‍ഡിനെതിരായ രണ്ട് അര്‍ധസെഞ്ചുറി പ്രകടനങ്ങളോട് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി പതിമൂന്നാം സ്ഥാന്തത്തേക്ക് ഉയര്‍ന്നപ്പോള്‍ കെ എല്‍ രാഹുല്‍(KL Rahul) ഒരു സ്ഥാനം ഉയര്‍ന്ന് അഞ്ചാം സ്ഥാനത്തെത്തി. കെ എല്‍ രാഹുല്‍ മാത്രമാണ് ആദ്യ പത്തിലെ ഏക ഇന്ത്യന്‍ ബാറ്റര്‍. ഓള്‍ റൗണ്ടര്‍മാരിലോ ബൗളര്‍മാരിലോ ആദ്യ പത്തില്‍ ഇന്ത്യന്‍ സാന്നിധ്യമില്ല.

അതേസമയം, ഇന്ത്യക്കെതിരായ പരമ്പരയില്‍ തിളങ്ങിയ ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍(Martin Guptil) മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയെങ്കിലും പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം(Babar Azam) തന്നെയാണ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ ഒരു സ്ഥാനം ഉയര്‍ന്ന് നാലാം സ്ഥാനത്തെത്തി.

Scroll to load tweet…

ബൗളര്‍മാരുടെ റാങ്കിംഗില്‍ കിവീസ് സ്പിന്നര്‍ മിച്ചല്‍ സാന്‍റനര്‍ 10 സ്ഥാനങ്ങള്‍ ഉയര്‍ന്ന് പതിമൂന്നാം സ്ഥാനത്തെത്തി. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് പത്തൊമ്പാതാം സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ 129 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 92ാം സ്ഥാനത്തെത്തി. നാലു വര്‍ഷത്തെ ഇടവേളക്കുശേഷം ടി20 ലോകകപ്പിലൂടെയാണ് അശ്വിന്‍ ടി20 ടീമില്‍ തിരിച്ചെത്തിയത്.

ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലന്‍ രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രം മൂന്നാമതുമുണ്ട്. ബൗളര്‍മാരില്‍ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. തബ്രൈസ് ഷംസ് രണ്ടാമതും ആദം സാംപ മൂന്നാമതുമാണ്.