മത്സരത്തിന്‍റെ ടോസിനായി 12.30 ഓടെ മാച്ച് റഫറി ഗ്രൗണ്ടിലിറങ്ങിയെങ്കിലും ഇരു ടീമുകളിലെയും ക്യാപ്റ്റൻമാരോ താരങ്ങളോ ഗ്രൗണ്ടിലെത്തിയില്ല.

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം വഷളായതിനെച്ചൊല്ലി ബംഗ്ലാദേശിലെ ആഭ്യന്തര ടി20 ലീഗായ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും പ്രതിസന്ധി. പ്രാദേശിക സമയം ഇന്ന് ഒരു മണിക്ക് തുടങ്ങേണ്ട ചാറ്റോഗ്രാം റോയല്‍സും നോവാഖാളി എക്സ്പ്രസും തമ്മിലുള്ള മത്സരം കളിക്കാര്‍ ബഹിഷ്കരിച്ചു. മത്സരത്തിന്‍റെ ടോസിനായി 12.30 ഓടെ മാച്ച് റഫറി ഗ്രൗണ്ടിലിറങ്ങിയെങ്കിലും ഇരു ടീമുകളിലെയും ക്യാപ്റ്റൻമാരോ താരങ്ങളോ ഗ്രൗണ്ടിലെത്തിയില്ല. എന്താണ് സംഭവിക്കുന്നത് അറിയില്ലെന്നും ടോസിനായി ഗ്രൗണ്ടില്‍ നില്‍ക്കുകയാണെങ്കിലും ആരും വന്നിട്ടില്ലെന്നും മത്സരത്തിന്‍റെ മാച്ച് റഫറിയായ ഷിപാര്‍ അഹ്മദ് ക്രിക് ഇന്‍ഫോയോട് പറഞ്ഞു. ഇന്നലെ ധാക്ക ക്രിക്കറ്റ് ലീഗിലും കളിക്കാര്‍ ബഹിഷ്കരിച്ചതിനെ തുടര്‍ന്ന് മത്സരം മുടങ്ങിയിരുന്നു.

ഇന്ത്യ-ബംഗ്ലാദേ് ക്രിക്കറ്റ് ബന്ധങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ചര്‍ച്ചകൾ നടത്തണമെന്ന് നിര്‍ദേശിച്ച മുന്‍ ഓപ്പണറും നായകനുമായ തമീം ഇക്ബാലിനെ ഇന്ത്യൻ ഏജന്‍റ് എന്ന് വിളിച്ച ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ നസ്മുള്‍ ഇസ്ലാമിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ബഹിഷ്കരിക്കുമെന്നാണ് ക്രിക്കറ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റായ മുഹമ്മദ് മിഥുന്‍ വ്യക്തമാക്കിയിരുന്നു.

നസ്മുള്‍ ഇസ്ലാമിന്‍റെ പരാമര്‍ശം ബോര്‍ഡിന്‍റെ നിലപാടല്ലെന്നും കളിക്കാരെ അപമാനിക്കുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കുമെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കിയെങ്കിലും നടപടിയെടുക്കാതെ കളിക്കാനിറങ്ങില്ലെന്നാണ് കളിക്കാരുടെ നിലപാട്. തമീം ഇക്ബാലിനെ ഇന്ത്യ ഏജന്‍റെന്ന് വിളിച്ച നസ്മുള്‍ ഇസ്ലാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് താരങ്ങളുടെ സംഘടന ക്രിക്കറ്റ് ബോര്‍ഡിന് അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു.

നസ്മുള്‍ ഇസ്ലാം വ്യക്തിപരമായി നടത്തുന്ന പ്രസ്താവനകള്‍ക്ക് ക്രിക്കറ്റ് ബോര്‍ഡിന് ഉത്തരവാദിത്തമില്ലെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അല്ലാതെ വരുന്ന പ്രസ്താവനകളൊന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടല്ലെന്നും ബോര്‍ഡ് വ്യക്തമാക്കുകയും താരങ്ങളെ അപമാനിച്ച നസ്മുള്‍ ഇസ്ലാമിനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്നും ബോര്‍ഡ് കളിക്കാര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിട്ടും കളിക്കാര്‍ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല.

മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയ ബിസിസിഐ നടപടിയെ തുടര്‍ന്ന ഇന്ത്യ-ബംഗ്ലദേശ് ക്രിക്കറ്റ് ബന്ധം ഉലഞ്ഞിരുന്നു. പ്രതികാര നടപടിയെന്നോണം ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. പിന്നാലെ അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്നും വേദി മാറ്റണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ സമീപിക്കുകയും ഐസിസി ഇത് തള്ളുകയും ചെയ്തു.

ഇതിനിടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധത്തിലെ പ്രശ്നങ്ങള്‍ക്ക് രാജ്യത്തിന്‍റെ താല്‍പര്യവും ക്രിക്കറ്റ് ഭാവിയും മുന്നില്‍ കണ്ട് ചര്‍ച്ചകളിലൂടെയാണ് പരിഹാരം കാണേണ്ടതെന്ന് തമീം ഇക്ബാൽ പറഞ്ഞത്. ഇതിനെതിരെയാണ് നസ്മുള്‍ ഇസ്ലാം തമീം ഇന്ത്യ ഏജന്‍റാണെന്ന വിവാദ പ്രസ്കാവന നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക