ദുബായ്: ടെസ്റ്റ് റാങ്കിംഗില്‍ ഓസീസ് താരങ്ങളായ സ്റ്റീവ് സ്‌മിത്തിന്‍റെയും പാറ്റ് കമ്മിന്‍സിന്‍റെയും മേധാവിത്വം തുടരുന്നു. ആഷസിന് ശേഷം പ്രഖ്യാപിച്ച ബാറ്റ്സ്‌മാന്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ബഹുദൂരം പിന്നിലാക്കിയാണ് സ്‌മിത്തിന്‍റെ കുതിപ്പ്. കോലിയെക്കാള്‍ 34 പോയിന്‍റ് അധികമുള്ള സ്‌മിത്തിന് ആകെ 937 പോയിന്‍റായി. നാലാം സ്ഥാനത്ത് 857 പോയിന്‍റുമായി ആഷസിനിറങ്ങിയ സ്‌മിത്ത് 774 റണ്‍സാണ് നാല് ടെസ്റ്റില്‍ നിന്ന് അടിച്ചുകൂട്ടിയത്. 

ബൗളര്‍മാരില്‍ കമ്മിന്‍സിനും വെല്ലുവിളി ഉയര്‍ത്താന്‍ മറ്റാര്‍ക്കുമായില്ല. ആഷസ് പരമ്പരയിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായ കമ്മിന്‍സ്(29 വിക്കറ്റുകള്‍) രണ്ടാം സ്ഥാനത്തുള്ള കാഗിസോ റബാഡയെ ബഹുദൂരം പിന്തള്ളി. റബാഡയെക്കാള്‍ 57 പോയിന്‍റാണ് കമ്മിന്‍സിന് കൂടുതലുള്ളത്. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറാണ് നേട്ടമുണ്ടാക്കിയ മറ്റൊരു താരം. 40 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആര്‍ച്ചര്‍ 37-ാം സ്ഥാനത്തെത്തി. ടെസ്റ്റ് അരങ്ങേറ്റം കഴിഞ്ഞപ്പോള്‍ 83-ാം സ്ഥാനത്തായിരുന്നു ആര്‍ച്ചര്‍.

ബൗളര്‍മാരില്‍ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര തന്നെയാണ് മൂന്നാമത്. ജേസന്‍ ഹോള്‍ഡര്‍, വെറോണ്‍ ഫിലാന്‍ഡര്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ബാറ്റ്‌സ്‌മാന്‍മാരില്‍ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനും ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും മൂന്നും നാലും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. കിവീസിന്‍റെ തന്നെ ഹെന്‍‌റി നിക്കോള്‍സാണ് അഞ്ചാം സ്ഥാനത്ത്. ഓള്‍റൗണ്ടര്‍മാര്‍ ജാസന്‍ ഹോള്‍ഡര്‍, ഷാക്കിബ് അല്‍ ഹസന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.