കെ എൽ രാഹുലിന്റെ തകർപ്പൻ സെഞ്ചുറിയുടെയും (130) സ്മരൺ രവിചന്ദ്രന്റെ നിർണായക ഇന്നിംഗ്‌സിന്റെയും (83*) മികവിലാണ് 325 റൺസ് വിജയലക്ഷ്യം കർണാടക മറികടന്നത്.
മുംബൈ: രഞ്ജ ട്രോഫിയില്‍ മുംബൈയെ മറികടന്ന് കര്‍ണാടക സെമി ഫൈനലില്‍. മുംബൈയില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു കര്‍ണാടകയുടെ ജയം. മുംബൈ ഉയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റുകള്‍ നഷ്ടത്തില്‍ കര്‍ണാടക മറികടക്കുകയായിരുന്നു. കെ എല്‍ രാഹുലിന്റെ (130) സെഞ്ചുറിയാണ് കര്‍ണാടകയെ സെമിയിലേക്ക് നയിച്ചത്. 123 പന്തില്‍ 83 റണ്‍സുമായി പുറത്താവാതെ നിന്ന സ്മരണ്‍ രവിചന്ദ്രന്റെ പ്രകടനവും മത്സരത്തില്‍ നിര്‍ണായകമായി. സ്‌കോര്‍: മുംബൈ 120 &377, കര്‍ണാടക 173 & 325.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കര്‍ണാടകയ്ക്ക് മായങ്ക് അഗര്‍വാളിന്റെ (3) വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് രാഹുല്‍ - ദേവ്ദത്ത് പടിക്കല്‍ (39) സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ദേവ്ദത്തിനെ പുറത്താക്കി തനുഷ് കൊട്ടിയാന്‍ മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ കരുണ്‍ നായര്‍ക്ക് (13) തിളങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ മൂന്നിന് 119 എന്ന നിലയിലായി കര്‍ണാടകര്‍. തുടര്‍ന്ന് രാഹുല്‍ - സ്മരണ്‍ സഖ്യം കൂട്ടിചേര്‍ത്ത 147 റണ്‍സാണ് കര്‍ണാടകയെ വിജയത്തിലേക്ക് നയിച്ചത്.
വിജയത്തിനരികെ രാഹുല്‍ വീണെങ്കിലും വിദ്യാധിര്‍ പാട്ടീലിനെ (31) കൂട്ടുപിടിച്ച് സ്മരണ്‍ കര്‍ണാടകയെ വിജയത്തിലേക്ക് നയിച്ചു. ശ്രയസ് ഗോപാല്‍ (1), കൃതിക് കൃഷ്ണ (2) എന്നിവരുടെ വിക്കറ്റുകളും കര്‍ണാടകയ്ക്ക് നഷ്ടമായി. നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ ആകാശ് ആനന്ദിന്റെ (70) ഇന്നിംഗ്‌സാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മുഷീര്‍ ഖാന്‍ (49), തനുഷ് കൊട്ടിയന്‍ (48) എന്നിവരും തിളങ്ങി. കര്‍ണാടകയ്ക്ക് വേണ്ടി ശിഖര്‍ ഷെട്ടി മൂന്ന് വിക്കറ്റെടുത്തു. ഒന്നാം ഇന്നിംഗ്‌സില്‍ കര്‍ണാടക 53 റണ്‍സ് ലീഡ് നേടിയിരുന്നു. മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ കര്‍ണാടക 173ന് പുറത്താവുകയായിരുന്നു.

