ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ജോ റൂട്ട് ഒന്നാം സ്ഥാനം വീണ്ടെടുത്തു. ലോർഡ്സ് ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെയാണ് റൂട്ട്, ഹാരി ബ്രൂക്കിനെ മറികടന്നത്. 

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാംസ്ഥാനം വീണ്ടെടുത്ത് ഇംഗ്ലണ്ട് താരം ജോ റൂട്ട്. സഹതാരം ഹാരി ബ്രൂക്കിനെ മറികടന്നാണ് റൂട്ടിന്‍റെ നേട്ടം. ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയാണ് റൂട്ട് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ലോര്‍ഡ്സ് ടെസ്റ്റിന് മുമ്പ് ഒന്നാമതായിരുന്ന ഹാരിബ്രൂക്ക് മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ കെയ്ൻ വില്യംസൺ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

ഒരു സ്ഥാനം നഷ്ടമായ യശസ്വീ ജയ്സ്വാൾ അഞ്ചാം റാങ്കിലാണ്. ഒരു സ്ഥാനം ഉയര്‍ന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ ആറാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ശ്രീലങ്കയുടെ കാമിന്ദു മെന്‍ഡിസ് ഏഴാം സ്ഥാനത്താണ്. വിന്‍ഡീസിനെതിരായ അവസാന രണ്ട് ടെസ്റ്റിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയുടെ കാമറൂണ്‍ ഗ്രീന്‍ പതിനാറ് സ്ഥാനം ഉയര്‍ന്ന് 30-ാം സ്ഥാനത്തെത്തി. അതേസമയം, ലോര്‍ഡ്സ് ടെസ്റ്റില്‍ നിരാശപ്പെടുത്തിയ ഇന്ത്യൻ താരങ്ങള്‍ക്ക് റാങ്കിംഗില്‍ തിരിച്ചടി നേരിട്ടു.

ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഒരു സ്ഥാനം നഷ്ടമായി അഞ്ചാം സ്ഥാനത്തായപ്പോള്‍ ഒരു സ്ഥാനം താഴേക്കിഴറങ്ങിയ റിഷഭ് പന്ത് എട്ടാമതും മൂന്ന് സ്ഥാനം നഷ്ടമായ ശുഭ്മൻ ഗിൽ ഒൻപതാമതുമാണ്. ബൗളർമാരിൽ ലോര്‍ഡ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്ര ഒന്നാംസ്ഥാനം നിലനിർത്തിയപ്പോള്‍ കാഗിസോ റബാഡയും പാറ്റ് കമ്മിൻസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.

വിന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ മാത്രം കളിച്ച് ഹാട്രിക്ക് നേടിയ ഓസ്ട്രേലിയയുടെ സ്കോട് ബോളണ്ട് ആണ് ബൗളര്‍മാരുടെ റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ താരം. ആറ് സ്ഥാനം ഉയര്‍ന്ന ബോളണ്ട് പുതിയ റാങ്കിംഗില്‍ ആറാം സ്ഥാനത്താണ്. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഷമാര്‍ ജോസഫ് 15 സ്ഥാനം ഉയര്‍ന്ന് പതിനാലാം സ്ഥാനത്തെത്തിയതാണ് മറ്റൊരു മാറ്റം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക