ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ആറാം സ്ഥാനത്തെത്തി. കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയന്റായ 801 ഉം സ്വന്തമാക്കി. 

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ നേട്ടം കൊയ്ത് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഇന്ന് പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ റിഷഭ് പന്ത് ആറാം സ്ഥാനത്തെത്തി. കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയന്‍റായ 801 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയ റിഷഭ് പന്ത് കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ അഞ്ചാം സ്ഥാനത്തിന് തൊട്ടടുത്താണ്.

ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയതാണ് റിഷഭ് പന്തിന് നേട്ടമായത്. അതേസമയം, ലീഡ്സ് ടെസ്റ്റില്‍ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഒരു സ്ഥാനം നഷ്ടമായി 21-ാം സ്ഥാനത്താണ്. ലീഡ്സ് ടെസ്റ്റിലെ ഇന്ത്യയുടെ മറ്റൊരു സെഞ്ചൂറിയനായ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നാലാം സ്ഥാനം നിലനിര്‍ത്തി. റിഷഭ് പന്തും യശസ്വി ജയ്സ്വാളുമാണ് ആദ്യ പത്തിലുളള ഇന്ത്യൻ താരങ്ങള്‍. ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാമതും സഹതാരം ഹാരി ബ്രൂക്ക് രണ്ടാമതുമുള്ളപ്പോള്‍ ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ മൂന്നാം സ്ഥാനത്താണ്.

ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് അഞ്ചാമത്. ഇന്ത്യക്കെതിരെ ലീഡ്സില്‍ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റ് എട്ടാം സ്ഥാനത്താണ്. ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര 907 റേറ്റിംഗ് പോയന്‍റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 859 റേറ്റിംഗ് പോയന്‍റുള്ള ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയാണ് രണ്ടാമത്. ഓസ്ട്രേലിയയുടെ പാറ്റ് കമിന്‍സ് മൂന്നാമതും ജോഷ് ഹേസല്‍വുഡ് നാലാമതുമാണ്. ആദ്യ പത്തില്‍ ബുമ്രയല്ലാതെ മറ്റ് ഇന്ത്യൻ ബൗളര്‍മാരാരുമില്ല. ഇരുപതാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ ഇരുപതിലുള്ള മറ്റൊരു ഇന്ത്യൻ ബൗളര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക