1979-1991 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനായി 13 ടെസ്റ്റിലും 25 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരമാണ് വെയ്ന്‍ ലാര്‍കിൻസ്.
ബര്‍മിംഗ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും കൈയില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചിറങ്ങി ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍. കഴിഞ്ഞ മാസം 28ന് അന്തരിച്ച മുന്‍ ഇംഗ്ലണ്ട് താരം വെയ്ന്‍ ലാര്‍കിന്‍സിനോടുള്ള ആദരസൂചകമായാണ് ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍ ബര്‍ർമിംഗ്ഹാം ടെസ്റ്റില്‍ കൈയില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചിറങ്ങിയത്.
1979-1991 കാലഘട്ടത്തില്‍ ഇംഗ്ലണ്ടിനായി 13 ടെസ്റ്റിലും 25 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരമാണ് വെയ്ന്‍ ലാര്‍കിൻസ്. 1990ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സബീന പാര്‍ക്കില്‍ ഇംഗ്ലണ്ട് നേടിയ ഐതിഹാസിക വിജയത്തില്‍ വിജയറണ്ണെടുത്തത് ലാര്‍കിന്‍സായിരുന്നു. 13 ടെസ്റ്റില്‍ നിന്ന് 493 റണ്‍സും 25 ഏകദിനത്തില്‍ നിന്ന് 591 റണ്‍സുമാണ് ലാര്‍കിന്‍സിന്‍റെ സമ്പാദ്യം.
നേരത്തെ ലീഡ്സില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ ആദ്യ ദിനത്തിലും മൂന്നാം ദിനത്തിലും അഞ്ചാം ദിനത്തിലും ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും താരങ്ങള്‍ കൈയില്‍ കറുത്ത ആംബാന്‍ഡ് ധരിച്ചിറങ്ങിയിരുന്നു. . അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദര സൂചകമായായിരുന്നു ആദ്യ ദിനം കറുത്ത ആംബാന്‍ഡ് ധരിച്ചിറങ്ങിയത്. മത്സരത്തിന് മുമ്പ് ഇരു ടീമിലെയും താരങ്ങള്‍ ഒരു മിനിറ്റ് ദു:ഖാചരണവും നടത്തിയിരുന്നു.
ഡേവിഡ് ലോറന്‍സിന്‍റെയും മുന്‍ ഇന്ത്യൻ താരം ദുലീപ് ദോഷിയുടെയും മരണത്തില്‍ അനുശോചിച്ചാണ് മൂന്നാം ദിനവും അഞ്ചാം ദിനവും കറുത്ത ആംബാന്‍ഡ് ധരിച്ചിറങ്ങിയത്. ബര്‍മിംഗ്ഹാം ടെസ്റ്റിലും ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്.പേസര്‍ ജസ്പ്രീത് ബുമ്രക്ക് പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും സായ് സുദര്‍ശന് പകരം നീതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.


