ടി20 ലോകകപ്പ് സംബന്ധിച്ച തീരുമാനം അറിഞ്ഞശേഷമെ ബിസിസിഐക്ക് ഐപിഎല്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാനാവൂ. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ടി20 ലോകകപ്പ് നടക്കുന്നില്ലെങ്കില്‍ ഈ സമയം ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ആലോചിക്കുന്നത്.

ദുബായ്: ടി20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനം നീട്ടി ഐസിസി. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പും അടുത്തവര്‍ഷം നടക്കേണ്ട വനിതാ ടി20 ലോകകപ്പും സംബന്ധിച്ച് അടുത്ത മാസം അന്തിമ തീരുമാനമെടുക്കുമെന്നാണ് ഐസിസി വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റിലെ പുതിയ നിയമ പരിഷ്കാരങ്ങള്‍ക്ക് ഐസിസി അംഗീകാരം നല്‍കിയെങ്കിലും ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി ഇപ്പോഴും മൗനം തുടരുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ടെലി കോണ്‍ഫറന്‍സിലൂടെ ഇന്ന് ഐസിസി ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും ടി20 ലോകകപ്പ് സംബന്ധിച്ച് തീരുമാനമൊന്നും കൈക്കൊള്ളാതെ പിരിയുകയായിരുന്നു. ടി20 ലോകകപ്പ് കാണികളെ പ്രവേശിപ്പിക്കാതെ നടത്തുന്നത് വലിയ നഷ്ടക്കച്ചവടമാകുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്. ഈ സാഹചര്യത്തില്‍ ടി20 ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റുക മാത്രമെ നിര്‍വാഹമുള്ളൂവെന്നാണ് പൊതുവെയുള്ള വിലയുത്തലെങ്കിലും ഐസിസി തീരുമാനം നീളുന്നത് ബിസിസിഐയെും വെട്ടിലാക്കിയിട്ടുണ്ട്.

ടി20 ലോകകപ്പ് സംബന്ധിച്ച തീരുമാനം അറിഞ്ഞശേഷമെ ബിസിസിഐക്ക് ഐപിഎല്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാനാവൂ. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ടി20 ലോകകപ്പ് നടക്കുന്നില്ലെങ്കില്‍ ഈ സമയം ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ആലോചിക്കുന്നത്. ടി20 ലോകകപ്പ് സംബന്ധിച്ച തീരുമാനത്തില്‍ വ്യക്തത വേണമെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ ഇന്ന് വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആദ്യം ഏപ്രില്‍ 15ലേക്കും പിന്നീട് അനിശ്ചിതകാലത്തേക്കും നീട്ടിവെക്കുകയായിരുന്നു. ഐപിഎല്‍ നടക്കാതിരുന്നാല്‍ 4000 കോടി രൂപയുടെ നഷ്ടമാണ് ബിസിസിഐക്കുണ്ടാവുകയെന്നാണ് കണക്കാക്കിയിരിക്കുന്നത്.