വെല്ലിങ്ടണ്‍: ഐസിസിക്കെതിരെ ട്രോളുമായി ന്യൂസിലന്‍ഡ് റഗ്ബി ടീം. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരം ടൈയില്‍ അവസാനിച്ചിരുന്നു. പിന്നാലെ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പും നേടാനായി. എന്നാല്‍ ഐസിസിയുടെ നിയമം വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു. 

ഇപ്പോഴിതാ ന്യൂസിലന്‍ഡ് റഗ്ബി ടീം ഐസിസിക്കെതിരെ പരിഹാസവുമായി ഇറങ്ങിയിരുന്നു. ട്വീറ്റില്‍ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ട്വീറ്റ് ഐസിസിക്ക് എതിരെയാണെന്നതില്‍ സംശയമൊന്നുമില്ല. സംഭവം ഇങ്ങനെ... റഗ്ബി ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് മത്സരം 16-16 എന്ന സ്‌കോറില്‍ സമനിലയില്‍ അവസാനിച്ചു.

മത്സരഫലം അവര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ അടികുറുപ്പ് രസകരമായിരുന്നു. ''മത്സരം സമനിലയില്‍ അവസാനിച്ചു. ഇവിടെ ബൗണ്ടറികളുടെ എണ്ണം കണക്കിലെടുക്കുന്നില്ല'' ഇതായിരുന്നു ബ്ലാക്ക് ക്യാപ്‌സ് നല്‍കിയ കുറിപ്പ്. ട്വീറ്റ് വായിക്കാം.