ലോര്‍ഡ്‌സ്: ടെസ്റ്റില്‍ പേരുകേട്ട ഇംഗ്ലണ്ട് അയര്‍ലന്‍ഡിനെതിരെ ബാറ്റിംഗില്‍ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ടിം മുര്‍ത്താഗ് അടക്കമുള്ള ബൗളര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ വെറും 85 റണ്‍സില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചു. ലോകകപ്പ് നേടിയതിന് പിന്നാലെ തകര്‍ന്നടിഞ്ഞ ഇംഗ്ലീഷ് താരങ്ങളെ ട്രോളര്‍മാര്‍ കടന്നാക്രമിച്ചു. ഐസിസിയുടെ ഒരു ട്വീറ്റും മോശമാക്കിയില്ല.

'പവനായി ശവമായി' എന്ന ശൈലിയില്‍ ഇംഗ്ലീഷ് താരങ്ങള്‍ മൈതാനത്ത് കിടക്കുന്നതാണ് ചിത്രത്തില്‍. ഇംഗ്ലീഷ് ടീമിന്‍റെ പരിശീലന ചിത്രമാണിത്. 'തലക്കെട്ട് ഇടൂ' എന്ന വാക്കുകളോടെയാണ് ഐസിസി ചിത്രം ട്വീറ്റ് ചെയ്തത്. ബാറ്റിംഗ് പരാജയമായ ഇംഗ്ലണ്ടിനെ ട്രോളുകയാണ് ആരാധകര്‍ ഈ ട്വീറ്റിന് കീഴിലും ചെയ്തത്.

മുര്‍ത്താഗ് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 23.4 ഓവറില്‍ 85 റണ്‍സില്‍ പുറത്തായി. 23 റണ്‍സെടുത്ത ജോണ്‍ ഡെന്‍ലിയാണ് ടോപ് സ്‌കോറര്‍. ഓലി സ്റ്റോണ്‍(19), സാം കറന്‍(18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡെയര്‍ മൂന്നും റാന്‍കിന്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി.