പൊച്ചെഫെസ്‌ട്രൂം: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് ഇന്ത്യ- പാകിസ്ഥാന്‍ സെമിഫൈനല്‍ പോരാട്ടം. ദക്ഷിണാഫ്രിക്കയിലെ പൊച്ചെഫെസ്‌ട്രൂമില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30ന് മത്സരം തുടങ്ങും. ഫൈനലിന് മുന്‍പൊരു ഫൈനൽ എന്ന വിശേഷണമുള്ളതിനാല്‍ കൗമാരതാരങ്ങള്‍ക്ക് താങ്ങാനാകുന്നതിലും സമ്മര്‍ദം നൽകും അയൽക്കാരുടെ അങ്കം. 

ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് മൈതാനത്ത് വീണ്ടും കൊമ്പുകോര്‍ക്കുമ്പോള്‍ ലോകകപ്പ് ഫൈനലിൽ ഒരിടം മാത്രമല്ല മുന്നിലുള്ളത്. മൈതാനത്ത് അയല്‍ക്കാര്‍ തമ്മിലുള്ള അങ്കം എക്കാലവും അഭിമാനപ്പോരാട്ടം തന്നെ. അപരാജിതരായി മുന്നേറുന്ന ടീം ഇന്ത്യക്ക് യശ്വസി ജയ്സ്വാളും രവി ബിഷ്നോയിയും കാര്‍ത്തിക് ത്യാഗിയുമാണ് പ്രധാനപോരാളികള്‍. ഇന്ത്യയെ പ്രിയം ഗാര്‍ഗും പാകിസ്ഥാനെ റൊഹൈല്‍ നാസീറും നയിക്കും. 

അടുത്ത ബാബര്‍ അസം എന്ന വിശേഷണമുള്ള പാക് ഓപ്പണര്‍ ഹൈദര്‍ അലിയെ ഇന്ത്യ കരുതിയിരിക്കണം 2003ലെ ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയ ഓസ്‌ട്രേലിയന്‍ ടീമും 2010ലെ ഫുട്ബോള്‍ ലോകകപ്പുയര്‍ത്തിയ സ്‌പാനിഷ് പടയും ബേസ് ക്യാംപ് ആക്കി മാറ്റിയ സ്‌പോര്‍ട്സ് വില്ലേജിലാണ് ഇരുടീമുകളും സെമിക്ക് തയ്യാറെടുത്ത്. വിശ്വകിരീടത്തിന് ഒരു ജയം അരികത്തേക്ക് ഇവരിലാരെത്തുമെന്നറിയാന്‍ വീര്‍പ്പടക്കി കാത്തിരിക്കാം.