ബാറ്റര്‍മാരില്‍ ഓസീസിന്‍റെ തെഹ്‌ലിയ മഗ്രാത്ത് തന്നെയാണ് തലപ്പത്ത്. ഓസീസിന്‍റെ ബേത്ത് മൂണി രണ്ടാമതും തുടരുന്നു

ദുബായ്: ഐസിസി വനിതാ ട്വന്‍റി 20 റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ തിളങ്ങിയ ബാറ്റര്‍മാരായ ജെമീമ റോഡ്രിഗസും റിച്ച ഘോഷും നേട്ടമുണ്ടാക്കി. മത്സരത്തില്‍ 38 പന്തില്‍ പുറത്താകാതെ 53* റണ്‍സെടുത്ത ജെമീമ 13-ാം സ്ഥാനത്ത് നിന്ന് 11ലേക്ക് ഉയര്‍ന്നു. 20 ബോളില്‍ പുറത്താകാതെ 31* റണ്‍സ് നേടിയ റിച്ച ഘോഷ് 36ല്‍ നിന്ന് 42ലെത്തി. വിരലിലെ പരിക്ക് കാരണം ആദ്യ മത്സരം നഷ്‌ടമായ ഓപ്പണര്‍ സ്‌മൃതി മന്ദാന മൂന്നാം സ്ഥാനത്ത് തുടരുന്നു. ഷെഫാലി വര്‍മ്മയുടെ പത്താം സ്ഥാനത്തിനും ചലനമില്ല. 

ബാറ്റര്‍മാരില്‍ ഓസ്‌ട്രേലിയയുടെ തെഹ്‌ലിയ മഗ്രാത്ത് തന്നെയാണ് തലപ്പത്ത്. ഓസീസിന്‍റെ ബേത്ത് മൂണി രണ്ടാമതും തുടരുന്നു. സ്‌മൃതി മന്ദാന മൂന്നാം സ്ഥാനത്തെങ്കില്‍ കിവീസ് താരം സോഫീ ഡിവൈനും ഓസീസിന്‍റെ മെഗ് ലാന്നിംഗുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആദ്യ പത്തില്‍ സ്‌മൃതിയും ഷെഫാലിയുമല്ലാതെ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല. 

ബൗളര്‍മാരില്‍ ഇംഗ്ലീഷ് സ്‌പിന്നര്‍ സോഫീ എക്കിള്‍സ്റ്റണ്‍ ഒന്നും ദക്ഷിണാഫ്രിക്കയുടെ മലാബ രണ്ടും സ്ഥാനത്ത് തുടരുന്നു. എക്കിള്‍സ്റ്റണിന് 776 റേറ്റിംഗ് പോയിന്‍റും മലാബയ്‌ക്ക് 700 പോയിന്‍റുമാണുള്ളത്. ഇംഗ്ലണ്ടിന്‍റെ സാറ ഗ്ലാന്‍ മൂന്നും ഇന്ത്യയുടെ ദീപ്‌തി ശര്‍മ്മ നാലും ഓസീസിന്‍റെ മെഗാന്‍ ഷൂട്ട് അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. അതേസമയം ന്യൂസിലന്‍ഡിനെതിരെ 12 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഓസീസിന്‍റെ ആഷ്‌ലി ഗാര്‍ഡര്‍ ഏഴ് സ്ഥാനങ്ങളുയര്‍ന്ന് ആറിലെത്തി. ഓള്‍റൗണ്ടര്‍മാരില്‍ ആഷ്‌ലി തന്നെയാണ് തലപ്പത്ത്. ഇന്ത്യയുടെ ദീപ്‌തി ശര്‍മ്മ രണ്ടാമതുണ്ട്. ഹെയ്‌ലി മാത്യൂസ്, അമേലിയ കേര്‍, സോഫി ഡീവൈന്‍ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 

സ്റ്റാര്‍ പേസര്‍ മടങ്ങിയെത്തും; എന്നിട്ടും സെലക്ഷന്‍ തലവേദന മാറാതെ ഓസീസ്