Mithali Raj : ബാറ്റിംഗ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും മിതാലി രാജിനായി
ബേ ഓവല്‍: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (ICC Womens World Cup 2022) പരമ്പരാഗത വൈരികളായ പാകിസ്ഥാനെതിരായ (PAKW vs INDW) മത്സരത്തോടെ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് (Mithali Raj). ആറ് ഏകദിന ലോകകപ്പുകളില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ ക്രിക്കറ്റര്‍ എന്ന നേട്ടം മിതാലി പേരിലാക്കി. 2000ല്‍ ആദ്യമായി ലോകകപ്പ് വേദിയിലെത്തിയ മിതാലി 2005, 2009, 2013, 2017, 2022 ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്തു. ന്യൂസിലന്‍ഡ് മുന്‍ താരം ഡെബീ ഹോക്‌ലി, ഇംഗ്ലണ്ടിന്‍റെ ഷാര്‍ലറ്റ് എഡ്‌വേഡ്‌സ് എന്നിവരെ മിതാലി പിന്നിലാക്കി.
ബാറ്റിംഗ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും മിതാലി രാജിനായി. ആറ് ഏകദിന ലോകകപ്പില്‍ മാറ്റുരയ്‌ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന നേട്ടമാണ് വനിതാ ടീം ക്യാപ്റ്റന്‍ പേരിനൊപ്പം എഴുതിച്ചേര്‍ത്തത്. 1992, 1996, 1999, 2003, 2007, 2011 ലോകകപ്പുകളിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. ആറ് ഏകദിന ലോകകപ്പുകള്‍ കളിച്ച ആകെ താരങ്ങളില്‍ മിതാലിക്കും സച്ചിനും പുറമെ പാകിസ്ഥാന്‍റെ ജാവേദ് മിയാന്‍ദാദ് കൂടിയേയുള്ളൂ എന്നതും ശ്രദ്ധേയം.
പാകിസ്ഥാനെ വീഴ്‌ത്തി ഇന്ത്യ തുടങ്ങി
പാകിസ്ഥാനെതിരെ ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ പരിചയസമ്പന്നയായ മിതാലി രാജ് (9 റണ്‍സ്) ബാറ്റിംഗില്‍ പരാജയമായെങ്കിലും തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ബേ ഓവലില്‍ 107 റണ്‍സിന്‍റെ കൂറ്റന്‍ ജയം മിതാലിയും സംഘവും നേടി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പൂജ വസ്ത്രകര്‍ (67), സ്‌മൃതി മന്ഥാന (52), സ്‌നേഹ് റാണ (53), ദീപ്‌തി ശര്‍മ (40) എന്നിവരുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 244 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 43 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്‌ക്‌വാദ് പാകിസ്ഥാനെ തകര്‍ക്കുകയായിരുന്നു. 30 റണ്‍സെടുത്ത സിദ്ര അമീന് മാത്രമാണ് പാക് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. ഈ ലോകകപ്പില്‍ ഇരു ടീമുകളുടേയും ആദ്യ മത്സരമായിരുന്നു ഇന്നത്തേത്. പൂജ വസ്ത്രകറാണ് കളിയിലെ താരം.
