PAKW vs INDW : പാകിസ്ഥാനെ നിസാരക്കാരായി കാണുന്നില്ലെന്ന് മത്സരത്തിന് മുന്നോടിയായി മിതാലി രാജ് 

ബേ ഓവല്‍: ക്രിക്കറ്റിൽ വീണ്ടും ഇന്ത്യ-പാകിസ്ഥാൻ (Pakistan Women vs India Women) പോരാട്ടം. ന്യൂസിലൻഡിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ ( ICC Womens World Cup 2022) നാളെ ഇന്ത്യയും പാകിസ്ഥാനും ആദ്യ മത്സരത്തിന് ഇറങ്ങും. മിതാലി രാജിന്‍റെ (Mithali Raj) നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുക. വൈകീട്ട് 6.30നാണ് മത്സരം തുടങ്ങുക. ഏഴ് മത്സരങ്ങളാണ് ലോകകപ്പിൽ ഓരോ ടീമുകളും കളിക്കുക. ആദ്യ നാലിലെത്തുന്ന ടീമുകൾ സെമിയിലേക്ക് യോഗ്യത നേടും. പാകിസ്ഥാനെ നിസാരക്കാരായി കാണുന്നില്ലെന്ന് മത്സരത്തിന് മുന്നോടിയായി മിതാലി പറഞ്ഞു.

ഹര്‍മന്‍പ്രീതില്‍ പ്രതീക്ഷ

ഇന്ത്യക്ക് ഹര്‍മന്‍പ്രീത് കൗറിന്‍റെ പരിചയസമ്പത്ത് ഗുണം ചെയ്യുമെന്ന് ക്യാപ്റ്റന്‍ മിതാലി രാജ് മത്സരത്തിന് മുന്നോടിയായി പറഞ്ഞു. 'ടീമിലെ കോര്‍ താരങ്ങളിലൊരാളാണ് ഹര്‍മന്‍. ഹര്‍മന്‍റെ അനുഭവസമ്പത്ത് മധ്യനിരയില്‍ നിര്‍ണായകമാണ്. ഹര്‍മന്‍പ്രീത് ഫോമിലെത്തിയത് വളരെ പ്രധാനമാണ്. കാരണം മധ്യ ഓവറുകളില്‍ മുതല്‍ ഇന്നിംഗ്‌സിന്‍റെ അവസാനം വരെ ബാറ്റ് ചെയ്യേണ്ട താരമാണ്. ഷെഫാലി വര്‍മ്മ കഴിവുള്ള താരമാണ്. സ്വന്തം പ്രകടനത്തെ കുറിച്ച് അവര്‍ക്ക് കൃത്യമായി അറിയാം. ഷെഫാലി മികച്ച ഫോമിലെത്തുമെന്നാണ് പ്രതീക്ഷ. ടീമിനെ സന്തുലിതമാക്കുന്ന ഓള്‍റൗണ്ടറാണ് ദീപ്‌തി ശര്‍മ്മ' എന്നും മിതാലി രാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പാകിസ്ഥാനെ നിസാരക്കാരായി കാണുന്നില്ല

'ലോകകപ്പില്‍ നാളെ ആദ്യ മത്സരത്തിലിറങ്ങുന്നതിന്‍റെ ആകാംക്ഷയിലാണ്. പാകിസ്ഥാനെ നിസാരക്കാരായി കാണുന്നില്ല. മികച്ച തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ഞാനും ജൂലന്‍ ഗോസ്വാമിയും ടീം ഡ്രസിംഗ് റൂമില്‍ ഏറെ വര്‍ഷങ്ങളായുണ്ട്. ഏറെ വിജയങ്ങളും പരാജയങ്ങളും നേരിട്ടറഞ്ഞു. ലോകകപ്പില്‍ ജൂലന്‍ കളിക്കുന്നത് മഹത്തരമാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായ ജൂലനെ പന്തേല്‍പിച്ചപ്പോഴൊക്കെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ജൂലന്‍റെ പരിചയസമ്പത്ത് യുവ പേസ് നിരയ്‌ക്ക് ഗുണകരമാകും' എന്നും മിതാലി രാജ് കൂട്ടിച്ചേര്‍ത്തു. 32കാരിയായ ഹര്‍മന്‍പ്രീത് സിംഗ് ന്യൂസിലന്‍ഡിനെതിരെ അഞ്ചാം ടി20യില്‍ 63ഉം പരിശീലന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 104 റണ്‍സും നേടിയിരുന്നു. 

Scroll to load tweet…
Scroll to load tweet…

ഇന്ത്യന്‍ സാധ്യതാ ഇലവന്‍

സ്‌മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, യാസ്‌തിക ഭാട്യ, മിതാലി രാജ്(ക്യാപ്റ്റന്‍), ഹര്‍മന്‍പ്രീത് കൗര്‍, ദീപ്‌തി ശര്‍മ്മ, റിച്ചാ ഘോഷ്(വിക്കറ്റ് കീപ്പര്‍), പൂജാ വസ്‌ത്രാക്കര്‍, ജൂലന്‍ ഗോസ്വാമി, മേഖ്‌നാ സിംഗ്, രാജേശ്വരി ഗെയ്‌ക്‌വാദ്.