ഓപ്പണര്‍മാരായ സ്‌മൃതി മന്ഥാനയും ഷെഫാലി വര്‍മ്മയും ഗംഭീര തുടക്കമാണ് ടീം ഇന്ത്യക്ക് നല്‍കിയത്

ക്രൈസ്റ്റ് ചര്‍ച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (ICC Womens World Cup 2022) ജീവന്‍മരണ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് (India Women vs South Africa Women) മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ സ്‌മൃതി മന്ഥാന (Smriti Mandhana), ഷെഫാലി വര്‍മ്മ (Shafali Verma), മിതാലി രാജ് (Mithali Raj), ഹര്‍മന്‍പ്രീത് കൗര്‍ (Harmanpreet Kaur) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സെടുത്തു. 

ഓപ്പണര്‍മാരായ സ്‌മൃതി മന്ഥാനയും ഷെഫാലി വര്‍മ്മയും ഗംഭീര തുടക്കമാണ് ടീം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 15 ഓവറില്‍ 91 റണ്‍സ് ചേര്‍ത്തു. 46 പന്തില്‍ 53 റണ്‍സെടുത്ത ഷെഫാലിയെയാണ് ആദ്യം നഷ്‌ടമായത്. പിന്നാലെ മൂന്നാം നമ്പറുകാരി യാസ്‌തിക ഭാട്യ മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി മടങ്ങി. എന്നാല്‍ സ്‌മൃതിയെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ മിതാലി രാജ് സ്‌കോര്‍ 150 കടത്തി. ഈ കൂട്ടുകെട്ട് 32-ാം ഓവര്‍ വരെ നീണ്ടുനിന്നു. 

84 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറുമായി 71 റണ്‍സുണ്ടായിരുന്നു പുറത്താകുമ്പോള്‍ സ‌്‌മൃതി മന്ഥാനയ്‌ക്ക്. മിതാലിയാവട്ടെ 84 പന്തില്‍ എട്ട് ബൗണ്ടറികളോടെ 68 റണ്‍സ് നേടി. 45-ാം ഓവറില്‍ പൂജ വസ്‌ത്രകറിനെ(3) നഷ്‌ടമായത് തിരിച്ചടിയായി. അവസാന ഓവറുകളില്‍ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു. ഹര്‍മന്‍ 57 പന്തില്‍ 48 ഉം റിച്ച 13 പന്തില്‍ 8 ഉം റണ്‍സെടുത്ത് പുറത്തായി. സ്‌നേഹ റാണയും(1*), ദീപ്‌തി ശര്‍മ്മയും(2*) പുറത്താകാതെ നിന്നു. 

IPL 2022 : ഡബിള്‍ സണ്‍ഡേ! ഡല്‍ഹി-മുംബൈ, പഞ്ചാബ്-ബാംഗ്ലൂര്‍; ഐപിഎല്ലില്‍ ഇന്ന് തീപാറും പോരാട്ടങ്ങള്‍