ലോകകപ്പില്‍ ധോണിയെ ആശ്രയിക്കാതെ ഇന്ത്യന്‍ ടീമിന് കളിക്കാനാവില്ലെന്നാണ് ധോണിയുടെ ആദ്യകാല പരിശീലകന്‍ പറയുന്നത്. നാലാം നമ്പറില്‍ ആരിറങ്ങണം എന്നും അദേഹം പറയുന്നു.  

റാഞ്ചി: ഏകദിന ലോകകപ്പിന് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് യാത്രയാകുമ്പോള്‍ മുന്‍ നായകന്‍ എം എസ് ധോണിയുടെ ചുമതല വ്യക്തമാണ്. വിക്കറ്റിന് മുന്നിലും പിന്നിലും തന്ത്രങ്ങളുടെ ആശാനായ ധോണിയെ എങ്ങനെ ഉപയോഗിക്കണമെന്ന് ഇന്ത്യന്‍ ടീമിന് അറിയാം. അതിനാല്‍ തന്നെ ക്യാപ്റ്റന്‍സിയില്‍ കോലിക്കും ടീം ഇന്ത്യക്കും ഉപദേശകന്‍റെ റോളായിരിക്കും ലോകകപ്പില്‍ ധോണിക്ക്.

ഇതിനുള്ള സാധ്യത ധോണിയുടെ മുന്‍ പരിശീലകന്‍റെ വാക്കുകളില്‍ വ്യക്തം. ധോണി ടീമില്‍ ഇല്ലെങ്കില്‍ കോലിയെ സഹായിക്കാന്‍ മറ്റാരും ഇല്ലെന്ന് ധോണിയുടെ ആദ്യകാല കോച്ചായ കേശവ് ബാനര്‍ജി പറഞ്ഞു. കളി വിലയിരുത്തുന്നതിലും തന്ത്രങ്ങളിലും ധോണിയെ പോലെ മറ്റാരുമില്ല. കോലിക്ക് പോലും അതറിയില്ല. അതിനാല്‍ കോലിക്ക് എപ്പോഴും ധോണിയുടെ ഉപദേശങ്ങളും പിന്തുണയും വേണമെന്നും ബാനര്‍ജി വ്യക്തമാക്കി. 

ഇന്ത്യന്‍ ടീമില്‍ നാളുകളായി നടക്കുന്ന നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനില്‍ കേശവ് ബാനര്‍ജിക്ക് തന്‍റെ നിലപാടുണ്ട്. ധോണി നാലാം നമ്പറിലെത്തിയാല്‍ അദേഹത്തിന് ആവശ്യമായ സമയം ലഭിക്കും. എന്നാല്‍ അഞ്ചാമനോ ആറാമനോ ആയി ബാറ്റിംഗിന് ഇറങ്ങുമ്പോള്‍ സാഹസികത കാട്ടേണ്ടിവരും. നാലാം നമ്പറില്‍ ആരിറങ്ങണം എന്നത് ടീം തീരുമാനമാണ്. എന്നാല്‍ നാലാം നമ്പറില്‍ ധോണി ഇറങ്ങണം എന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.