ഇന്ത്യയുടെ ലോകകപ്പ് സംഘത്തില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ഈ താരത്തെയാണ് ഓസീസ് ഇതിഹാസ നായകന്‍ ഉയര്‍ത്തിക്കാട്ടുന്നത്. 

ദില്ലി: എം എസ് ധോണി നില്‍ക്കേ യുവതാരം ഋഷഭ് പന്തിന് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സ്ഥാനം പിടിക്കുക അത്ര എളുപ്പമല്ല. രണ്ടാം വിക്കറ്റ് കീപ്പറായി മാത്രമല്ല, ബാറ്റ്സ്‌മാനായും പന്തിന് മികവ് കാട്ടണം. ഐപിഎല്ലില്‍ ഋഷഭ് പന്ത് കളിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പരിശീലകന്‍ റിക്കി പോണ്ടിംഗ് പറയുന്നത് പന്തിന് ധോണിയുടെ പിന്‍ഗാമിയാകാന്‍ കഴിയുമെന്നാണ്.

ഐപിഎല്ലില്‍ ഡല്‍ഹി ക്യപിറ്റല്‍സിനെ കുറച്ച് മത്സരങ്ങളില്‍ ജയിപ്പിക്കാനായാല്‍ അയാളിലെ എല്ലാ പോരായ്‌മയും മറക്കപ്പെടും. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായി മറ്റൊരാളെ തനിക്ക് കാണാനാവുന്നില്ലെന്നും ഓസ്‌‌ട്രേലിയന്‍ ഇതിഹാസ നായകന്‍ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ മൊഹാലി ഏകദിനത്തില്‍ വിക്കറ്റിന് പിന്നില്‍ ചോരുന്ന കൈകളുമായി വിറച്ച ഋഷഭ് പന്തിനെ ആരാധകര്‍ കളിയാക്കിയിരുന്നു. 

മെയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. ഇന്ത്യ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിക്കാനിരിക്കേ ആരൊക്കെ ടീമില്‍ സ്ഥാനം പിടിക്കുമെന്ന ചര്‍ച്ചകള്‍ മുറുകുകയാണ്. വെറ്ററന്‍ താരം എം എസ് ധോണി ടീമില്‍ സ്ഥാനമുറപ്പിച്ചു എന്നിരിക്കേ പന്ത് ടീമിലെത്തുമോ എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കിനെ മറികടന്ന് മാത്രമേ പന്തിന് ടീമിലെത്താനാകൂ.