ഇന്നു തോറ്റാൽ പെട്ടി മടക്കാം, പാകിസ്ഥാന് ഇന്ന് മരണപ്പോരാട്ടം; ഇന്ത്യയെ മറികടന്ന് ഒന്നാമതെത്താൻ ദക്ഷിണാഫ്രിക്ക
ബാബര്‍ അസം പറയുന്നത് പോലെ തോളോട് തോൾ ചേര്‍ന്ന് പൊരുതിയാൽ വിജയവഴിയിൽ തിരിച്ചെത്താമെന്ന് പാക് പ്രതീക്ഷ. സെമിയിലേക്കുള്ള ദൂരം കുറയ്ക്കാനാണ് ദക്ഷിണാഫ്രിക്കയുടെ പടയൊരുക്കം.

ചെന്നൈ: ലോകകപ്പിൽ പാകിസ്ഥാന് ഇന്ന് നിര്‍ണായക മത്സരം. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലാണ് മത്സരം. ഇന്ത്യയോട് ഉൾപ്പടെ തുടര്‍ച്ചയായ മൂന്ന് തോൽവി. ടീമിലെ പടലപ്പിണക്കങ്ങൾ. 0വിമര്‍ശന ശരങ്ങളുമായി മുൻതാരങ്ങൾ. അന്ത്യശാസനവുമായി ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാനും ക്യാപ്റ്റൻ ബാബര്‍ അസമിനും ചെന്നൈയിൽ ഇന്ന് എല്ലാം കൊണ്ടും ജീവന്മരണ പോരാട്ടമാണ്.
ലോക ഒന്നാം നമ്പര്‍ ബാബര്‍ അസം ഉൾപ്പടെയുള്ള ബാറ്റര്‍മാരുടെ മോശം ഫോമും, നനഞ്ഞ പടക്കമായ പേസര്‍മാരും, ക്ലബ് ക്രിക്കറ്റിന്‍റെ പോലും നിലവാരമില്ലാത്ത സ്പിന്നര്‍മാരും, അബദ്ധങ്ങളുടെ ഘോഷയാത്ര തീര്‍ത്ത ഫീൽഡര്‍മാരും. ലോകകപ്പിൽ കാര്യങ്ങളൊന്നും പാകിസ്ഥാന്‍റെ വഴിക്കല്ല.
ബാബര്‍ അസം പറയുന്നത് പോലെ തോളോട് തോൾ ചേര്‍ന്ന് പൊരുതിയാൽ വിജയവഴിയിൽ തിരിച്ചെത്താമെന്ന് പാക് പ്രതീക്ഷ. സെമിയിലേക്കുള്ള ദൂരം കുറയ്ക്കാനാണ് ദക്ഷിണാഫ്രിക്കയുടെ പടയൊരുക്കം. ടൂര്‍ണമെന്‍റിൽ മൂന്ന് സെഞ്ച്വറി നേടിയ ക്വിന്‍റൻ ഡീകോക്ക് ഉൾപ്പടെയുള്ള ബാറ്റര്‍മാരും, റബാഡ നയിക്കുന്ന ബൗളിംഗ് നിരയും പടിക്കൽ കലമുടയ്ക്കുന്നവരെന്ന നാണക്കേട് ഇത്തവണ മാറ്റാൻ ഒരുങ്ങി തന്നെയാണ്.
ലോകകപ്പിലെ നേര്‍ക്ക് നേര്‍ പോരാട്ടങ്ങളിൽ നേരിയ മുൻ തൂക്കം ദക്ഷിണാഫ്രിക്കയ്ക്ക്. അഞ്ചിൽ മൂന്നെണ്ണത്തിൽ ജയം. എന്നാൽ അവസാന രണ്ട് ലോകകപ്പുകളിലും നേര്‍ക്ക് നേര്‍ വന്നപ്പോൾ ജയം പാകിസ്ഥാന് സ്വന്തം. 1992ലെ ലോകകപ്പിലും സെമി കാണലിന്‍റെ പുറത്താകലിന്‍റെ വക്കിലൂടെ പാകിസ്ഥാന്‍ കടന്നു പോയിട്ടുണ്ട്. അന്ന് തുടര്‍ച്ചയായി അഞ്ച് ജയങ്ങളുമായി പാകിസ്ഥാന്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ കിരീടം നേടിയാണ് തിരിച്ചുവന്നത്.
മാക്സ്‌വെല്ലിനെ വിമര്‍ശിച്ച് നാവെടുക്കും മുമ്പെ വെടിക്കെട്ട് സെഞ്ചുറി, മലക്കം മറിഞ്ഞ് ഗവാസ്കര്‍
അന്നത്തെ പാക് ടീമന്‍റെ പ്രകടനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊളളാന്‍ പാകിസ്ഥാന് കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ കളിച്ച അഞ്ച് കളിലകളില്‍ നാലിലും 300ന് മുകളില്‍ സ്കോര്‍ ചെയ്ത ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടുകയാവും പാക് ബാറ്റിംഗ് നിരയുടെ വെല്ലുവിളി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക