ഇക്കുറി ലോകകപ്പ് ടിക്കറ്റ് ബുക്കിംഗ് പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാവാനാണ് സാധ്യത
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മൂന്ന് മാസം അവശേഷിക്കേ ടിക്കറ്റ് വില്‍പന അടുത്ത ആഴ്‌ച തുടങ്ങാന്‍ ഐസിസി. ടൂര്‍ണമെന്‍റിന്‍റെ മത്സരക്രമം പുറത്തുവിട്ടതും വേദികള്‍ക്ക് സമീപത്തെ ഹോട്ടലുകളില്‍ ബുക്കിംഗും റൂമിന്‍റെ വിലയും ഉയര്‍ന്നിരുന്നു. ഇന്ത്യ-പാക് മത്സരത്തിനും ഫൈനലിനും വേദിയാവുന്ന അഹമ്മദാബാദിലാണ് പ്രധാനമായും റൂം വില കുതിച്ചുയര്‍ന്നിരിക്കുന്നത്.
ഇക്കുറി ലോകകപ്പ് ടിക്കറ്റ് ബുക്കിംഗ് പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാവാനാണ് സാധ്യത. അടുത്തിടെ അഹമ്മദാബാദിലടക്കം ടീം ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വലിയ ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. ആരാധകര്‍ തമ്മില്‍ ഉന്തും തള്ളിലേക്കും വരെ കാര്യങ്ങള്‍ എത്തിച്ചതും ഐപിഎല്ലില്‍ ചെന്നൈയിലടക്കം കരിചന്തയില്‍ ടിക്കറ്റുകള്‍ ലഭ്യമായിരുന്നു എന്ന റിപ്പോര്‍ട്ടുകളുമാണ് ടിക്കറ്റ് വില്‍പന ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഒരു കാരണം. ക്രിക്കറ്റിലേക്ക് ആധുനിക കടന്നുവരുന്നതിന്‍റെ ഭാഗമായി കൂടിയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന. 'ചില അവസാനവട്ട കാര്യങ്ങള്‍ കൂടിയേ തീരുമാനമാക്കാനുള്ളൂ. ടിക്കറ്റ് ബുക്കിംഗിന്‍റെ എല്ലാ കാര്യങ്ങളും ഡിജിറ്റലാക്കാനാണ് ശ്രമം. ടിക്കറ്റ് വില്‍പനയുടെ പങ്കാളികളുമായി സംസാരിച്ചുവരികയാണ്. ടിക്കറ്റ് വിവരങ്ങള്‍ അടുത്ത ആഴ്‌ചയോടെ പുറത്തുവരും. ആരാധകരുടെ പരാതികള്‍ അറിയാം. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുക എളുപ്പമല്ല. ഹോട്ടല്‍ റൂമുകളുടെ ഉയര്‍ന്ന വില ഞങ്ങളുടെ കൈയിലുള്ള കാര്യമല്ല' എന്നും ബിസിസിഐ വൃത്തങ്ങള്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു.
ഒക്‌ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് ആരാധകരുടെ ഇരമ്പലാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മത്സരം കാണാന്‍ കുറഞ്ഞത് ഒരു ലക്ഷം കാണികളെങ്കിലും എത്തും. ഇവിടെ പത്ത് മടങ്ങ് വരെ ഒക്കെയാണ് ഹോട്ടലുകളില്‍ റൂമിന്‍റെ വില ഉയര്‍ന്നിരിക്കുന്നത്. ലോകകപ്പിലെ അഞ്ച് മത്സരങ്ങള്‍ക്കാണ് നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവുന്നത്. ഒക്ടോബര്‍ 5ന് ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് പോരാട്ടത്തോടെ അഹമ്മദാബാദില്‍ ലോകകപ്പിന് തുടക്കമാകും. ഇതിന് ശേഷം ഒക്ടോബര്‍ 15ന് ഇന്ത്യ-പാക് മത്സരവും നവംബര്‍ 4ന് ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരവും 10ന് ദക്ഷിണാഫ്രിക്ക-അഫ്‌ഗാനിസ്ഥാന്‍ മത്സരവും ഇവിടെ നടക്കും. നവംബര്‍ 19ന് ഫൈനലും അഹമ്മദാബാദിലാണ്.
Read more: എന്തിന് ടീമിലെടുത്തില്ല, ബിസിസിഐ വാതുറന്ന് പറയുന്നില്ല; തുറന്നടിച്ച് യുവ താരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
