ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റ് അവസാനിച്ചതോടെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ പോയിന്റ് പട്ടിക പുറത്തുവിട്ടിരിക്കുകയാണ്.

സെഞ്ചൂറിയന്‍: ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ (ICC World Test Championship) മൂന്നാം ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (SAvIND) കളിക്കുന്നത്. ഇംഗ്ലണ്ട് (England), ന്യൂസിലന്‍ഡ് (New Zealand) എന്നിവര്‍ക്കെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ പരമ്പരയും. ഇതില്‍ ഇംഗ്ലണ്ടിനെതിരെ ഇനിയും ഒരു ടെസ്റ്റ് കളിക്കാനുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയനില്‍ ആദ്യ ടെസ്റ്റ് അവസാനിച്ചതോടെ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പുതിയ പോയിന്റ് പട്ടിക പുറത്തുവിട്ടിരിക്കുകയാണ്.

സെഞ്ചൂറിയനില്‍ ജയിച്ചിട്ടും ഇന്ത്യക്കു പോയിന്റ് പട്ടികയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നുള്ളത് ആരാധകരെ നിരാശരാക്കുന്നത്. പോയിന്റ് പട്ടികയില്‍ ഇന്ത്യ നാലാംസ്ഥാണുള്ളത്. 64.28 ശതമാനമാണ് ഇന്ത്യയുടെ ശരാശരി. മറ്റാരേക്കാളും ഇന്ത്യക്കാണ് കൂടുതല്‍. എന്നാല്‍ ഐസിസി പരിഗണിക്കുന്നത് കളിച്ച ടെസ്റ്റുകളില്‍ നേടിയ വിജയത്തിന്റെ ശരാശരിയാണ്. ഏഴു ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ നാലെണ്ണത്തില്‍ വിജയം നേടി. രണ്ടെണ്ണത്തില്‍ തോല്‍വിയറിഞ്ഞപ്പോള്‍ ഒന്ന് സമനിലയില്‍ കലാശിക്കുകയും ചെയ്തു.

100 ശരാശരിയുള്ള ഓസ്ട്രേലിയയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. കളിച്ച മൂന്നു ടെസ്റ്റുകളിലും വിജയിച്ചതാണ് ഓസീസിന് തുണയായത്. ഇപ്പോള്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഓസീസ് ഹാട്രിക്ക് വിജയം കൊയ്തത്. രണ്ട് ടെസ്റ്റുകള്‍ ജയിച്ച് 100 ശതമാനം വിജയം കൊയ്ത ശ്രീലങ്കയാണ് രണ്ടാം സ്ഥാനത്ത്. പാകിസ്ഥാന്‍ മൂന്നാമതുണ്ട്. 75 ആണ് പാകിസ്ഥാന്റെ പോയിന്റ് ശരാശരി. നാലു ടെസ്റ്റുകളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച അവര്‍ ഒന്നില്‍ മാത്രമേ തോല്‍വിയറിഞ്ഞിട്ടുള്ളൂ.

ഇന്ത്യക്ക് ശേഷം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് (25%), ന്യൂസിലാന്‍ഡ് (16%), ഇംഗ്ലണ്ട് (7.14%), സൗത്താഫ്രിക്ക (0), ബംഗ്ലാദേശ് (0) എന്നിവരാണ്.