മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലെ സ്റ്റാന്‍ഡ്‌ബൈ പേസര്‍ പ്രസിദ്ധ് കൃഷ്‌ണ കൊവിഡ് മുക്തനായി. ബെംഗളൂരുവിലെ വീട്ടില്‍ ഐസൊലേഷനിലായിരുന്ന താരം ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ നാളെ(മെയ് 23) മുംബൈയിലേക്ക് തിരിക്കും എന്നും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. 

ഐപിഎല്‍ പതിനാലാം സീസണിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കൊവിഡ് പിടിപെട്ട നാല് താരങ്ങളില്‍ ഒരാളാണ് പ്രസിദ്ധ് കൃഷ്‌ണ. സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, പേസര്‍ സന്ദീപ് വാര്യര്‍, ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ടിം സെയ്‌ഫെര്‍ട്ട് എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. പ്രസിദ്ധും നെഗറ്റീവായതോടെ എല്ലാ കെകെആര്‍ താരങ്ങളും കൊവിഡ് മുക്തരായി. 

ഇംഗ്ലണ്ട് പര്യടനത്തിനുള്ള സ്‌ക്വാഡില്‍ പ്രസിദ്ധിന് പുറമെ പേസര്‍മാരായ ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, ബാറ്റ്സ്‌മാന്‍ അഭിമന്യു ഈശ്വരന്‍, വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് എന്നിവരേയും സ്റ്റാന്‍ഡ്‌ബൈ താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡില്‍ നിന്ന് അടുത്തിടെ മോചിതനായ സീനിയര്‍ താരം വൃദ്ധിമാന്‍ സാഹയ്‌ക്ക് ബാക്ക്‌അപ്പായാണ് ഭരതിനെ തെരഞ്ഞെടുത്തിരിക്കുന്നത്. 

വലംകൈയന്‍ പേസറായ പ്രസിദ്ധ് കൃഷ്‌ണ മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന അരങ്ങേറ്റം കുറിച്ചിരുന്നു. ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യന്‍ പുരുഷ, വനിത ടീമുകള്‍ ഇംഗ്ലണ്ടിലേക്ക് യാത്രതിരിക്കും. ന്യൂസിലന്‍ഡിന് എതിരെ ജൂണ്‍ 18ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലോടെയാണ് വിരാട് കോലിയും സംഘവും മൂന്ന് മാസത്തോളം നീളുന്ന പര്യടനം തുടങ്ങുക. ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ പര്യടനത്തിലുണ്ട്. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.

ന്യൂസിലന്‍ഡിനെ നേരിടാന്‍ ഏതൊക്കെ ബൗളര്‍മാര്‍ വേണം; നിര്‍ദേശവുമായി നെഹ്‌റ

വിന്‍ഡീസ് ക്രിക്കറ്റിന്‍റെ പ്രതീക്ഷ ഇനി അയാളില്‍; യുവതാരത്തെക്കുറിച്ച് പൊള്ളാര്‍ഡ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona