Asianet News Malayalam

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: വീരു കാത്തിരിക്കുന്നത് രണ്ട് സൂപ്പര്‍താരങ്ങളുടെ നേര്‍ക്കുനേര്‍ പോരിന്

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യ, ന്യൂസിലന്‍ഡ് താരങ്ങള്‍ ഇംഗ്ലണ്ടില്‍ എത്തിക്കഴിഞ്ഞു. കിവികള്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിച്ച് തയ്യാറെടുക്കുമ്പോള്‍ ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ICC WTC Final 2021 Virender Sehwag waiting for Boult vs Rohit contest
Author
Southampton, First Published Jun 12, 2021, 2:31 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയും ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടും തമ്മിലുള്ള പോരാട്ടത്തിനെന്ന് ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സതാംപ്‌ടണില്‍ ജൂണ്‍ 18-ാം തിയതിയാണ് ഇന്ത്യ-കിവീസ് കലാശപ്പോര് ആരംഭിക്കുന്നത്. 

 

ബോള്‍ട്ട്-സൗത്തി സഖ്യം ഭീഷണി

'ട്രെന്‍ഡ് ബോള്‍ട്ട്-ടിം സൗത്തി സഖ്യം ഇന്ത്യക്ക് വലിയ ഭീഷണിയാകും എന്നതില്‍ സംശയമില്ല. പന്ത് ഇരുവശത്തേക്കും തിരിക്കാന്‍ മാത്രമല്ല, മികച്ച കൂട്ടുകെട്ട് സൃഷ്‌ടിക്കാനും ഇരുവര്‍ക്കുമാകും. ബോള്‍ട്ട്-രോഹിത് പോരാട്ടത്തിനാണ് ഞാന്‍ കാത്തിരിക്കുന്നത്. ബോള്‍ട്ട് ഓപ്പണിംഗ് സ്‌പെല്‍ എറിയുകയും രോഹിത് നിലയുറപ്പിക്കുകയും ചെയ്താല്‍ അത് കാഴ്‌ചയ്‌ക്ക് വിരുന്നാകും'. 

'രോഹിത് മികച്ച ബാറ്റ്സ്‌മാനാണ്, ഇംഗ്ലണ്ടില്‍ 2014ല്‍ ടെസ്റ്റ് കളിച്ചിട്ടുമുണ്ട്. അതിനാല്‍ ഓപ്പണിംഗില്‍ അടുത്തകാലത്ത് രോഹിത്തില്‍ നിന്ന് നമ്മള്‍ കണ്ട പ്രകടനം തുടരും എന്നാണ് പ്രതീക്ഷ. ഇംഗ്ലണ്ടില്‍ ഇക്കുറി രോഹിത് റണ്ണടിച്ച് കൂട്ടും എന്ന കാര്യത്തില്‍ സംശയമില്ല. ന്യൂ ബോളില്‍ സാഹചര്യം മനസിലാക്കി ഏത് ഓപ്പണറും ആദ്യത്തെ 10 ഓവറില്‍ കരുതലോടെ കളിക്കേണ്ടതുണ്ട്. രോഹിത്തിന് തന്‍റെ ആവനാഴിയിലെ എല്ലാ ഷോട്ടുകളും പുറത്തെടുക്കാന്‍ കഴിയും കഴിയും എന്ന് പ്രതീക്ഷിക്കുന്നു'.

രണ്ട് സ്‌പിന്നര്‍മാര്‍ ഗുണകരം 

'സതാംപ്‌ടണിലെ പിച്ച് എങ്ങനെയുള്ളതാണെന്ന് അറിയില്ല. എന്നാലും അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുമായി കളിച്ചാല്‍ അത് മികച്ചൊരു നീക്കമായിരിക്കും. നാല്, അഞ്ച് ദിനങ്ങളില്‍ രണ്ട് സ്‌പിന്നര്‍മാര്‍ക്ക് റോളുണ്ട് എന്ന് ഞാനിപ്പോഴും ഉറച്ച് വിശ്വസിക്കുന്നു. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ഓള്‍റൗണ്ടര്‍മാരുമായതിനാല്‍ ഇന്ത്യക്ക് ഗുണകരമാണ്. ബാറ്റിംഗിന് അത് കരുത്ത് കൂട്ടും' എന്നും വീരു കൂട്ടിച്ചേര്‍ത്തു.  

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യ, ന്യൂസിലന്‍ഡ് താരങ്ങള്‍ ഇംഗ്ലണ്ടില്‍ എത്തിക്കഴിഞ്ഞു. കിവികള്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിച്ച് തയ്യാറെടുക്കുമ്പോള്‍ ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയെ വിരാട് കോലിയും ന്യൂസിലന്‍ഡിനെ കെയ്‌ന്‍ വില്യംസണുമാണ് സതാംപ്‌ടണിലെ കലാശപ്പോരില്‍ നയിക്കുക. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

ശ്രീലങ്കന്‍ പര്യടനം: താരങ്ങള്‍ക്ക് ഇന്ത്യയില്‍ 14 ദിവസം ക്വാറന്‍റീന്‍, ലങ്കയില്‍ മൂന്ന് പരിശീലന മത്സരം

അമ്പയറോട് കയർത്ത് സ്റ്റംപ് ചവിട്ടിത്തെറിപ്പിച്ച സംഭവം, ഷാക്കിബിനെ വില്ലനാക്കുന്നുവെന്ന് ഭാര്യ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios