Asianet News Malayalam

ശ്രീലങ്കന്‍ പര്യടനം: താരങ്ങള്‍ക്ക് ഇന്ത്യയില്‍ 14 ദിവസം ക്വാറന്‍റീന്‍, ലങ്കയില്‍ മൂന്ന് പരിശീലന മത്സരം

കൊളംബോയില്‍ എത്തിയാല്‍ പരമ്പരയ്‌ക്ക് മുമ്പ് ലങ്കന്‍ എ ടീമുമായി ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലന മത്സരങ്ങളുണ്ടായിരിക്കില്ല.

Team India undergo 14 days quarantine in India ahead Sri Lanka Tour
Author
Mumbai, First Published Jun 12, 2021, 12:19 PM IST
  • Facebook
  • Twitter
  • Whatsapp

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ക്വാറന്‍റീന്‍ തിങ്കളാഴ്‌ച തുടങ്ങും. ആകെ 14 ദിവസമാണ് നാട്ടില്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന സംഘം ക്വാറന്‍റീന് വിധേയരാവുക. ഇതില്‍ ആദ്യ ഏഴ് ദിവസം കര്‍ശന ക്വാറന്‍റീനായിരിക്കും എന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ലങ്കയില്‍ എത്തിയാലും താരങ്ങള്‍ക്ക് ക്വാറന്‍റീനുണ്ട്. 

കൊളംബോയില്‍ എത്തിയാല്‍ പരമ്പരയ്‌ക്ക് മുമ്പ് ലങ്കന്‍ എ ടീമുമായി ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലന മത്സരങ്ങളുണ്ടായിരിക്കില്ല. പകരം ഇന്ത്യന്‍ സ്‌ക്വാഡിലെ താരങ്ങള്‍ പരസ്‌പരം പരിശീലന മത്സരം കളിക്കും. 

'എ ടീമിനെതിരെ അല്ലെങ്കില്‍ ലങ്കന്‍ ബോര്‍ഡ് ഏര്‍പ്പാടാക്കുന്ന ഒരു ടീമിനെതിരേ പരിശീലന മത്സരം കളിക്കണമെന്ന ആവശ്യം ഇന്ത്യന്‍ ടീമിനുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് ചട്ടങ്ങള്‍ ഇത് പ്രതിസന്ധിയിലാക്കി. അതിനാല്‍ ഇന്‍ട്രാ-സ്‌ക്വാഡ് മത്സരങ്ങള്‍ കളിക്കാന്‍ ബിസിസിഐയോട് അഭ്യര്‍ഥിക്കുകയായിരുന്നു. ടീം ഇന്ത്യ പരമ്പരയ്‌ക്കുള്ള ഒരുക്കമെന്ന നിലയില്‍ ഒരു ടി20 മത്സരവും രണ്ട് ഏകദിനങ്ങളും കളിക്കും' എന്നും എഎന്‍ഐയോട് ലങ്കന്‍ ബോര്‍ഡിനോട് ചേര്‍ന്ന വൃത്തങ്ങള്‍ വ്യക്തമാക്കി. 

കര്‍ശന ക്വാറന്‍റീനുള്ള ഏഴ് ദിവസത്തിന് ശേഷമുള്ള ദിനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്‍ഡോര്‍ പരിശീലനം നടത്തും. പതിനാല് ദിവസത്തെ ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 28നാണ് ടീം ഇന്ത്യ കൊളംബോയിലേക്ക് പോകുന്നത്. കൊളംബോയില്‍ എത്തിയാല്‍ മൂന്ന് ദിവസം കര്‍ശന ക്വാറന്‍റീനായിരിക്കും. 

ജൂലൈ 13ന് കൊളംബോയിലാണ് ശ്രീലങ്ക-ഇന്ത്യ പരമ്പര തുടങ്ങുന്നത്. മൂന്ന് വീതം ഏകദിനങ്ങളും ടി20കളും ഇരു ടീമുകളും കളിക്കും. എല്ലാ മത്സരങ്ങളും കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് അരങ്ങേറുക. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ് പുറമെ കര്‍ണാടകയുടെ മലയാളി താരം ദേവ്‌ദത്ത് പടിക്കലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ വരുണ്‍ ചക്രവര്‍ത്തിയും സ്‌ക്വാഡിലുണ്ട്. 

സഞ്ജുവിനൊപ്പം മുംബൈ ഇന്ത്യന്‍സിന്‍റെ ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ടീമിലിടം പിടിച്ചു. ഐപിഎല്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ചേതന്‍ സക്കറിയ, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെ തെരഞ്ഞെടുത്തത് ശ്രദ്ധേയമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കുമായി വിരാട് കോലി നയിക്കുന്ന സീനിയര്‍ ടീം ഇംഗ്ലണ്ടിലായതിനാലാണ് യുവനിരയെ ഉള്‍പ്പെടുത്തി ഇന്ത്യ ലങ്കയിലേക്ക് ടീമിനെ അയക്കുന്നത്. രാഹുല്‍ ദ്രാവിഡാണ് യുവനിരയെ പരിശീലിപ്പിക്കുക. 

ഇന്ത്യന്‍ സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍(ഉപനായകന്‍), പൃഥ്വി ഷാ, ദേവ്‌ദത്ത് പടിക്കല്‍, റിതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), യുസ്‌വേന്ദ്ര ചാഹല്‍, രാഹുല്‍ ചഹാര്‍, കൃഷ്‌ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ദീപക് ചഹാര്‍, നവ്‌ദീപ് സെയ്‌നി, ചേതന്‍ സക്കറിയ. 

നെറ്റ് ബൗളര്‍മാര്‍: ഇഷാന്‍ പോരെല്‍, സന്ദീപ് വാര്യര്‍, അര്‍ഷ്‌ദീപ് സിംഗ്, സായ് കിഷോര്‍, സിമര്‍ജീത്ത് സിംഗ്. 

എനിക്കുണ്ടായ ദുരനുഭവം, എന്റെ പരിശീലനത്തില്‍ കളിക്കുന്നവര്‍ക്ക് ഉണ്ടാവരുത്: രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ടീമിലിടമില്ല; സീനിയര്‍ ക്രിക്കറ്റര്‍ നിരാശ പ്രകടിപ്പിച്ചതിങ്ങനെ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios