ദുബായ്: ടി20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനം നീട്ടി ഐസിസി. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പും അടുത്തവര്‍ഷം നടക്കേണ്ട വനിതാ ടി20 ലോകകപ്പും സംബന്ധിച്ച് ഇന്ന് ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. അടുത്ത മാസം പകുതിയോടെ മാത്രമെ ലോകകപ്പ് സംബന്ധിച്ച് ഐസിസി അന്തിമ തീരുമാനമെടുക്കു എന്നാണ് സൂചന.  

വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ന് ഐസിസി ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും ടി20 ലോകകപ്പ് സംബന്ധിച്ച് തീരുമാനമൊന്നും കൈക്കൊണ്ടില്ല. ഐസിസിയുടെ പുതിയ ചെയര്‍മാനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമാണ് ഇന്ന് യോഗത്തില്‍ നടന്നത്. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്‌സിന്റെ പേരാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍പന്തിയിലുള്ളത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പേരും പരിഗണനയിലുണ്ട്.

 ടി20 ലോകകപ്പ് കാണികളെ പ്രവേശിപ്പിക്കാതെ നടത്തുന്നത് വലിയ നഷ്ടക്കച്ചവടമാകുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്. ഈ സാഹചര്യത്തില്‍ ടി20 ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റുക മാത്രമെ നിര്‍വാഹമുള്ളൂവെന്നാണ് പൊതുവെയുള്ള വിലയുത്തലെങ്കിലും ഐസിസി തീരുമാനം നീളുന്നത് ബിസിസിഐയെും വെട്ടിലാക്കിയിട്ടുണ്ട്.

ടി20 ലോകകപ്പ് സംബന്ധിച്ച തീരുമാനം അറിഞ്ഞശേഷമെ ബിസിസിഐക്ക് ഐപിഎല്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാനാവൂ. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ടി20 ലോകകപ്പ് നടക്കുന്നില്ലെങ്കില്‍ ഈ സമയം ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ആലോചിക്കുന്നത്. ടി20 ലോകകപ്പ് സംബന്ധിച്ച തീരുമാനത്തില്‍ വ്യക്തത വേണമെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ ഇന്ന് വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആദ്യം ഏപ്രില്‍ 15ലേക്കും പിന്നീട് അനിശ്ചിതകാലത്തേക്കും നീട്ടിവെക്കുകയായിരുന്നു. ഐപിഎല്‍ നടക്കാതിരുന്നാല്‍ 4000 കോടി രൂപയുടെ നഷ്ടമാണ് ബിസിസിഐക്കുണ്ടാവുകയെന്നാണ് കണക്കാക്കിയിരിക്കുന്നത്.