ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെ പരിഗണിക്കണമെന്നും അശ്വിന്‍ പറഞ്ഞു.

ചെന്നൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സെലക്ടര്‍മാര്‍ ഇന്ന് ഉച്ചക്ക് പ്രഖ്യാപിക്കാനിരിക്കെ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കണമെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായ ശിവം ദുബെക്ക് ഏഷ്യാ കപ്പ് ടീമില്‍ ഇടമുണ്ടാകില്ലെന്ന് അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു. ശിവം ദുബെയ്ക്ക് പകരം ശ്രേയസ് അയ്യരാണ് ഏഷ്യാ കപ്പ് ടീമിലെ പ്ലേയിംഗ് ഇലവനിലെത്താന്‍ അനുയോജ്യനായ താരമെന്നും അശ്വിൻ വ്യക്തമാക്കി. ഏഷ്യാ കപ്പ് ടീമിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ശ്രേയസ് അയ്യര്‍ മൂന്നാം നമ്പറില്‍ ഇന്ത്യക്ക് പെര്‍ഫെക്ട് ചോയ്സായിരിക്കും. ശ്രേയസ് മൂന്നാം നമ്പറിലെത്തിയാല്‍ നാലു അഞ്ചും സ്ഥാനങ്ങളില്‍ സൂര്യകുമാറിനും തിലക് വര്‍മക്കും സാഹചര്യത്തിന് അനുസരിച്ച് മാറി മാറി ഇറങ്ങാനാവും. ഹാര്‍ദ്ദിക് പാണ്ഡ്യ ആറാമതും അക്സര്‍ പട്ടേല്‍ ഏഴാമതും എത്തിയാല്‍ പിന്നീട് ശിവം ദുബെയ്ക്ക് ടീമിലോ പ്ലേയിംഗ് ഇലവനിലോ ഇടമുണ്ടാകില്ല.

ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെ പരിഗണിക്കണമെന്നും അശ്വിന്‍ പറഞ്ഞു. ബാക്ക് അപ്പ് കീപ്പറായി പരിഗണിക്കാന്‍ ധ്രുവ് ജുറെല്‍, കെ എല്‍ രാഹുല്‍, പരിക്കുമാറിയാല്‍ റിഷഭ് പന്ത് എന്നിവരൊക്കെയുണ്ടെങ്കിലും ജിതേഷ് തന്നെ രണ്ടാം കീപ്പറായി ടീമിലെത്തുമെന്നാണ് ഞാന്‍ കരുതുന്നത്. ടീമിലെ പതിനഞ്ചാമനായിട്ടായിരിക്കും രണ്ടാം വിക്കറ്റ് കീപ്പര്‍ എത്തുക. 

ഐപിഎല്ലില്‍ ഫിനിഷറായും തിളങ്ങിയ ജിതേഷിനെ ഇന്ത്യൻ ടീമിലും അതേ പൊസിഷനില്‍ കളിപ്പിക്കാമെന്നതിനാല്‍ ജിതേഷ് കൂടി എത്തുന്നതോടെ ശിവം ദുബെയുടെ സാധ്യതകള്‍ പൂര്‍ണമായും അവസാനിക്കുമെന്നും അശ്വിന്‍ വ്യക്തമാക്കി. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈക്കായി 14 മത്സരങ്ങളില്‍ 357 റണ്‍സ് നേടിയ ദുബെ 132.22 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ദുബെയുടെ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റാണിത്.

സ്പിന്നര്‍മാരായി വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ ടീമിലെടുക്കണമെന്നും അശ്വിന്‍ പറഞ്ഞു. എട്ടാം നമ്പറില്‍ വാഷിംഗ്ടണ്‍ സുന്ദറോ കുല്‍ദീപോ പ്ലേയിംഗ് ഇലവനില്‍ കളിക്കണം. പതിനാലമനായിട്ടായിരിക്കും സുന്ദറെ ടീമിലെടുക്കുക. പ്ലേയിംഗ് ഇലവനിലെത്താന്‍ കുല്‍ദീപും സുന്ദറും തമ്മിലാവും മത്സരം. ഒമ്പതാമനായി വരുണ്‍ ചക്രവര്‍ത്തി പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പാണ്. തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ബാറ്റിംഗ് കണ്ടപ്പോള്‍ വരുണ്‍ ബാറ്റിംഗിൽ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായെന്നും പത്താമനായി ബുമ്രയും പതിനൊന്നാമനായി അര്‍ഷ്ദീപുും എത്തുമ്പോള്‍ പ്ലേയിംഗ് ഇലവനും 15 അംഗ ടീമും പൂര്‍ത്തിയാകുമെന്നും അശ്വിന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക