ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സിന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ലീഗ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചാബ് 14 മത്സരങ്ങളിൽ 9 വിജയങ്ങൾ നേടി പോയിന്റ് പട്ടികയിൽ ഒന്നാമതായാണ് പ്ലേ ഓഫിലെത്തിയത്. എന്നാൽ, എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബിന് പരാജയം നേരിടേണ്ടി വന്നു. അതേസമയം, നാലാമതായി ഫിനിഷ് ചെയ്ത മുംബൈ എലിമിനേറ്റര്‍ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയാണ് രണ്ടാം ക്വാളിഫയറിന് ഇറങ്ങുന്നത്. നോക്കൗട്ട് മത്സരമായതിനാൽ തോൽക്കുന്ന ടീമിന്റെ കിരീട പ്രതീക്ഷകൾ അവസാനിക്കും. 

ശ്രേയസ് അയ്യരുടെ കീഴിൽ മികച്ച പ്രകടനമാണ് പഞ്ചാബ് സീസണിലുടനീളം പുറത്തെടുത്തത്. പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിംഗ്, നെഹാൽ വധേര, അർഷ്ദീപ് സിംഗ് തുടങ്ങിയ യുവതാരങ്ങൾ ലീഗ് റൗണ്ടിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ, പരിചയസമ്പത്തിന് നോക്കൗട്ട് മത്സരങ്ങളിൽ വലിയ പ്രാധാന്യമുണ്ട്. നോക്കൗട്ട് മത്സരത്തിന്റെ സമ്മർദ്ദം എത്രത്തോളം കൈകാര്യം ചെയ്യാൻ കഴിയുമെന്നത് പഞ്ചാബിന്റെ വിധി നിർണ്ണയിക്കും.

മറുവശത്ത്, അഞ്ച് തവണ കിരീടമുയര്‍ത്തിയ ചരിത്രമുണ്ട് മുംബൈയ്ക്ക്. ടൂർണമെന്റിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ് മുംബൈ. കൂടാതെ നോക്കൗട്ട് പോലെയുള്ള സമ്മര്‍ദ്ദം നിറഞ്ഞ നിരവധി സാഹചര്യങ്ങളിൽ കളിച്ച പരിചയസമ്പന്നരായ താരങ്ങൾ മുംബൈ നിരയിലുണ്ട്. സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവാണ് മുംബൈയെ മറ്റ് ടീമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. 

മത്സരം മഴമൂലം ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും? 

രണ്ടാം ക്വാളിഫയർ മത്സരം നടക്കുന്ന അഹമ്മദാബാദിൽ മഴ തുടരുകയാണ്. മത്സരം മഴമൂലം ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടായാൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ള ടീം ഏതാണോ അവര്‍ ഫൈനലിലേയ്ക്ക് യോഗ്യത നേടും. അങ്ങനെ സംഭവിച്ചാൽ പഞ്ചാബാകും കലാശപ്പോരിന് യോഗ്യത നേടുക. ഐപിഎല്ലിൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസർവ് ദിനങ്ങളില്ല.