2016ലാണ് ഇതിന് മുമ്പ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു അവസാനമായി ഐപിഎൽ ഫൈനലിലെത്തിയത്.

മുംബൈ: ഐപിഎല്ലിൽ ഇന്ന് ക്വാളിഫയര്‍-2 പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും. ജയിക്കുന്ന ടീം ഫൈനലിന് യോഗ്യത നേടുമെന്നിരിക്കെ ആവേശകരമായ മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ക്വാളിഫയര്‍ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ തകര്‍ത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കലാശപ്പോരിന് ടിക്കറ്റെടുത്തു കഴിഞ്ഞു. 

ക്വാളിഫയര്‍-2 മത്സരത്തിന് മുമ്പ് തന്നെ ഐപിഎല്ലിന്റെ 18-ാം സീസണിലെ ജേതാക്കളെ പ്രവചിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് വാര്‍ണര്‍. ഇത്തവണ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം ചൂടുമെന്നാണ് വാര്‍ണറുടെ പ്രവചനം. ബെംഗളൂരുവിന്റെ പേസര്‍ ജോഷ് ഹേസൽവുഡ് ഫൈനലിൽ കളിയിലെ താരമാകുമെന്നും വാര്‍ണര്‍ പറ‍ഞ്ഞു. സമൂഹ മാധ്യമമായ എക്സിൽ ഒരു ഉപയോക്താവിന്റെ ചോദ്യത്തോട് പ്രതികരിക്കവെയാണ് വാര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

2016ലാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു അവസാനമായി ഐപിഎല്ലിന്റെ ഫൈനലിലെത്തിയത്. സൺറൈസേഴ്സ് ഹൈദരാബാദിന് മുന്നിൽ അന്ന് ബെംഗളൂരുവിന് അടിയറവ് പറയേണ്ടി വന്നു. ഇതിന് ശേഷം ഏകദേശം 10 വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ബെംഗളൂരു വീണ്ടുമൊരു ഫൈനലിലെത്തിയിരിക്കുന്നത്. ഐപിഎല്ലിലെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ബെംഗളൂരു ഇത്തവണ കലാശപ്പോരിന് ഇറങ്ങുക.