എന്‍റെ തോന്നല്‍ ഇത്തവണ പഞ്ചാബ് കിരീടം നേടില്ലെന്ന് തന്നെയാണ്. പഞ്ചാബ് നന്നായി ബാറ്റ് ചെയ്യുന്നതിനിടെ പ്രഭ്‌സിമ്രാന്‍ പുറത്തായപ്പോള്‍ ഇന്ത്യൻ ബാറ്റര്‍മാരെ ആരെയും അയക്കാതെ പോണ്ടിംഗ് ക്രീസിലേക്ക് വീട്ടത് മുഴുവന്‍ വിദേശ താരങ്ങളെയായിരുന്നു.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പഞ്ചാബ് കിംഗ്സിന്‍റെ മത്സരം മഴ മുടക്കിയെങ്കിലും ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് തകര്‍ത്തടിച്ച് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സടിച്ചിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിംഗും 11.5 ഓവറില്‍ 120 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. അടി തുടര്‍ന്ന പ്രഭ്‌സിമ്രാന്‍ 14.3 ഓവറില്‍ പഞ്ചാബിനെ 160 റണ്‍സിലെത്തിച്ചെങ്കിലും അവസാന 33 പന്തുകളില്‍ പഞ്ചാബിന് 41 റണ്‍സ് കൂടിയെ നേടാനായുള്ളു.
പ്രഭ്‌സിമ്രാന്‍ പുറത്തായശേഷ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പിടിച്ചുനിന്നെങ്കിലും പിന്നീടെത്തിയ ഗ്ലെന്‍ മാക്സ്‌വെല്‍(8 പന്തില്‍ 7), മാര്‍ക്കോ യാന്‍സന്‍(7 പന്തില്‍ 3), ജോഷ് ഇംഗ്ലിസ് (6 പന്തില്‍ 11*) എന്നിവര്‍ക്ക് തകര്‍ത്തടിക്കാനാവാഞ്ഞതോടെ പഞ്ചാബ് 201ല്‍ ഒതുങ്ങിയത്. എന്നാല്‍ പഞ്ചാബ് നിരയില്‍ വെടിക്കെട്ട് ബാറ്റര്‍മാരായ നെഹാല്‍ വധേരയും ശശാങ്ക് സിംഗുമെല്ലാം ഉണ്ടായിട്ടും ഫോമിലല്ലാത്ത മാക്സ്‌വെല്ലിനെയും വാലറ്റക്കാരനായ യാന്‍സനെയുമെല്ലാം ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കിവിട്ടതിന് പിന്നില്‍ കോച്ച് റിക്കി പോണ്ടിംഗിന് വിദേശ കളിക്കാരോടുള്ള താല്‍പര്യം മൂലമാണെന്ന് മുന്‍ ഇന്ത്യൻ താരം മനോജ് തിവാരി ആരോപിച്ചു. ഇന്ത്യൻ താരങ്ങളില്‍ വിശ്വാസമില്ലാത്ത പോണ്ടിംഗിന്‍റെ നിലപാട് കാരണം പഞ്ചാബ് ഇത്തവണ ഐപിഎല്ലില്‍ കിരീടം നേടാന്‍ പോകുന്നില്ലെന്നും തിവാരി എക്സ് പോസ്റ്റില്‍ പറഞ്ഞു.
മഴയില്‍ ഒലിച്ചുപോയോ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍, ഇനിയുള്ള സാധ്യതകള്‍ എന്തൊക്കെ
എന്‍റെ തോന്നല്‍ ഇത്തവണ പഞ്ചാബ് കിരീടം നേടില്ലെന്ന് തന്നെയാണ്. പഞ്ചാബ് നന്നായി ബാറ്റ് ചെയ്യുന്നതിനിടെ പ്രഭ്‌സിമ്രാന്‍ പുറത്തായപ്പോള്‍ ഇന്ത്യൻ ബാറ്റര്‍മാരെ ആരെയും അയക്കാതെ പോണ്ടിംഗ് ക്രീസിലേക്ക് വീട്ടത് മുഴുവന്‍ വിദേശ താരങ്ങളെയായിരുന്നു. നെഹാല്‍ വധേരയെയും ശശാങ്ക് സിംഗിനെയും പോലുള്ള ബാറ്റര്‍മാര്‍ ഡഗ് ഔട്ടിലുള്ളപ്പോഴായിരുന്നു പോണ്ടിംഗ് മാക്സ്‌വെല്ലിനെയും യാന്‍സനെയുമെല്ലാം ക്രീസിലേക്ക് വിട്ടത്. ഇന്ത്യൻ താരങ്ങളില്‍ പോണ്ടിംഗിനുള്ള വിശ്വാസക്കുറവാണ് ഇത് തെളിയിക്കുന്നത്. ഈ രീതിയിലാണ് അദ്ദേഹം തുടര്‍ന്നും കളിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പോയന്‍റ് പട്ടികയില്‍ ടോപ് 2വില്‍ ഫിനിഷ് ചെയ്താലും പഞ്ചാബ് കിരീടം നേടില്ലെന്നും മനോജ് തിവാരി പറഞ്ഞു.
