ലോധാ സമിതി നിര്‍ദ്ദേശം അനുസരിച്ച് തയ്യാറാക്കിയ ഭരണഘടനയിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

ദില്ലി: ബിസിസിഐ(BCCI) ഭാരവാഹികള്‍ക്ക് സുപ്രീംകോടതിയിൽ ഇന്ന് നിര്‍ണായകം. ലോധാ സമിതി(Justice RM Lodha committee) നിര്‍ദ്ദേശം അനുസരിച്ച് തയ്യാറാക്കിയ ഭരണഘടനയിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തുടര്‍ച്ചയായി 3 വര്‍ഷം ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനിലോ ഭാരവാഹിത്വം വഹിക്കാന്‍ കഴിയില്ലെന്ന ചട്ടത്തിൽ ഇളവ് വേണമെന്നാണ് ബോര്‍ഡിന്‍റെ ആവശ്യം.

ബിസിസിഐയുടെ ഹര്‍ജി തള്ളിയാൽ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ് തുടങ്ങിയവര്‍ക്ക് സ്ഥാനമൊഴിയേണ്ടിവരും. ബിസിസിഐ ആവശ്യത്തിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് കൃഷ്‌ണ മുരാരി, ജസ്റ്റിസ് ഹിമാ കോഹ്‌ലി എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ബിസിസിഐക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ സുപ്രീംകോടതിയില്‍ ഹാജരാകും. 

ബിസിസിഐ പ്രസിഡന്‍റ് പദവിയില്‍ എത്തും മുമ്പ് 2014ല്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ സെക്രട്ടറിയായിരുന്നു സൗരവ് ഗാംഗുലി. ഇതിന് ശേഷം 2015 മുതല്‍ 2019 വരെ പ്രസിഡന്‍റായി. 2019 ഒക്ടോബറിലാണ് ഇന്ത്യന്‍ മുന്‍ നായകന്‍ ബിസിസിഐയുടെ തലവനായി ചുമതലയേറ്റത്. ജയ് ഷായാവട്ടെ 2014 മുതല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍റെ ജോയിന്‍റ് സെക്രട്ടറിയായിരുന്നു. നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കൂടിയാണ് ജയ് ഷാ. 

മഞ്ഞപ്പടയുടെ ഹൃദയം തകര്‍ത്ത് മുംബൈ സിറ്റി; ഹോര്‍ഗെ പേരേര ഡിയാസിനെ റാഞ്ചി