2020ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കാന്‍ ആഗ്രഹമുണ്ടെന്നും താഹിര്‍ പറഞ്ഞു.

ജൊഹാനസ്ബര്‍ഗ്: മെയ്-ജൂണ്‍ മാസങ്ങളില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് താഹിര്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

ടി20 ക്രിക്കറ്റില്‍ തുടര്‍ന്നും രാജ്യത്തിനായി കളിക്കുമെന്നും 39കാരനായ താഹിര്‍ വ്യക്തമാക്കി.ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ലോകകപ്പിനുശേഷം വിവിധ ടി20 ലീഗുകളില്‍ കളിക്കാന്‍ ബോര്‍ഡ് അനുമതിയും നല്‍കി. ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം വിഷമം പിടിച്ചതായിരുന്നു. കഴിവിന്റെ പരമാവധി കളിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ജീവിതത്തില്‍ ചില വലിയ തീരുമാനങ്ങള്‍ എടുക്കേണ്ട സമയമുണ്ട്. അതാണ് ഇപ്പോള്‍ തന്നെ തീരുമാനം പ്രഖ്യാപിക്കുന്നതെന്നും താഹിര്‍ താഹിര്‍ പ്രസ്താവനയില്‍ പറഞ്ഞു. 2020ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കാന്‍ ആഗ്രഹമുണ്ടെന്നും താഹിര്‍ പറഞ്ഞു.

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറിയ താഹിര്‍ 95 മത്സരങ്ങളില്‍നിന്ന് 24.56 ശരാശരിയില്‍ 156 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. മൂന്ന് തവണ അഞ്ചു വിക്കറ്റ് നേട്ടവും താഹിര്‍ സ്വന്തമാക്കി. 37 ടി20 മത്സരങ്ങളില്‍ 62 വിക്കറ്റും 20 ടെസ്റ്റില്‍ നിന്ന് 57 വിക്കറ്റും താഹിര്‍ സ്വന്തമാക്കിയിട്ടുണ്ട്.