മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലിയും രോഹിത്തുമില്ലാതെ ഇന്ത്യ ഒരു ടെസ്റ്റിന് ഇറങ്ങുന്നത്. 2022ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് കോലിയും രോഹിത്തുമില്ലാതെ ഇന്ത്യ അവസാനമായി ഒരു ടെസ്റ്റ് കളിക്കാനിറങ്ങിയത്.
മുംബൈ: ഒരാഴ്ചയുടെ ഇടവേളയില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ അടുത്ത മാസം നടക്കന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിൽ കാര്യമായ മാറ്റങ്ങൾ ഉറപ്പായി. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലിയും രോഹിത്തുമില്ലാതെ ഇന്ത്യ ഒരു ടെസ്റ്റിന് ഇറങ്ങുന്നത്.
2022ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് കോലിയും രോഹിത്തുമില്ലാതെ ഇന്ത്യ അവസാനമായി ഒരു ടെസ്റ്റ് കളിക്കാനിറങ്ങിയത്. നടുവിനേറ്റ പരിക്കിനെ തുടർനന്ന് ജൊഹാനസ്ബർഗ് ടെസ്റ്റിൽ കോലി കളിച്ചിരുന്നില്ല. ക്യാപ്റ്റനായിരുന്ന കോലിക്ക് പകരം കെ എൽ രാഹുലാണ് ഇന്ത്യയെ ആ മത്സരത്തില്‍ നയിച്ചത്. പേശികൾക്ക് പരിക്കേറ്റ രോഹിത് ഈ പരമ്പരയിൽ കളിച്ചിരുന്നില്ല. കോലിയും രോഹിത്തും കൂടി 190 ടെസ്റ്റിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 44 സെഞ്ച്വറികളോടെ 12,531 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. ഇരുവരുടെയും അഭാവം ഇന്ത്യൻ ബാറ്റിംഗ് നിരയില്‍ യുവതാരങ്ങള്‍ക്ക് വാതില്‍ തുറക്കുമെന്നാണ് കരുതുന്നത്.
മുന്നില്‍ സായ് സുദര്‍ശൻ
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഒരുപോലെ തിളങ്ങുന്ന തമിഴ്നാട് താരം സായ് സുദർശനാണ് ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ ഇടം പ്രതീക്ഷിക്കുന്ന താരം. രോഹിത്തിന്‍റെ അഭാവത്തില്‍ ഓപ്പണറായോ മൂന്നാം നമ്പര്‍ ബാറ്റായോ സായ് സുദർശനെ കളിപ്പിക്കാം എന്നാണ് സെലക്ടർമാരുടെ വിലയിരുത്തൽ. രോഹിത് ശർമ്മ വിരമിച്ചതിനാൽ ഇന്ത്യക്ക് യശസ്വീ ജയ്സ്വാളിന്‍റെ ഓപ്പണിംഗ് പങ്കാളിയെ കണ്ടെത്തണം. വിരാട് കോലി വിരമിച്ചതോടെ ക്യാപ്റ്റനാകുമെന്ന് കരുതുന്ന ശുഭ്മാന്‍ ഗില്‍ നാലാം നമ്പറിലേക്ക് ഇറങ്ങുമെന്നാണ് സൂചന. ഐപിഎല്ലിൽ 11 കളിയിൽ 509 റൺസ് നേടിയിട്ടുള്ള സായ് സുദർശൻ രഞ്ജി ട്രോഫിയിൽ തമിഴ്നാടിനായും മികച്ച പ്രകടനം നടത്തിയിരുന്നു. 29 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 1957 റൺസ് നേടിയിട്ടുണ്ട്. ഇംഗ്ലീഷ് കൗണ്ടി ടീമായ സറേയിൽ കളിച്ചുള്ള പരിചയവും സായ് സുദർശന് ഗുണം ചെയ്യും.സറേയ്ക്ക് വേണ്ടി അഞ്ച് കളിയിൽ 182 റൺസാണ് 23കാരനായ തമിഴ്നാട് താരം നേടിയത്.
കരുണിനും പ്രതീക്ഷ
ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലായിരുന്ന മലയാളി താരം കരുണ്‍ നായര്‍ ഇംഗ്ലണ്ടില്‍ തന്‍റെ ടെസ്റ്റ് കരിയറിലെ രണ്ടാം ഇന്നിംഗ്സ് തുടങ്ങാമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രഞ്ജി ട്രോഫി സീസണില്‍ 57.33 ശരാശരിയില്‍ 860 റണ്‍സുമായി വിദര്‍ഭക്ക് കിരീടം സമ്മാനിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച കരുണ്‍ നായര്‍ കേരളത്തിനെതിരെ ഫൈനലില്‍ അടക്കം ഒമ്പത് സെഞ്ചുറികളാണ് നേടിയത്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ ഒമ്പത് കളികളില്‍ അഞ്ച് സെഞ്ചുറികളുള്‍പ്പെടെ 779 റണ്‍സടിച്ച് റെക്കോര്‍ഡിട്ട കരുണിന് പക്ഷെ ഇത്തവണ ഐപിഎല്ലില്‍ ഒരു മത്സരത്തിലൊഴികെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ പുറത്തെടുക്കാനായിട്ടില്ല. എങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനം കരുണിന് ഇന്ത്യൻ മധ്യനിരയിലേക്ക് വാതില്‍ തുറക്കുമെന്നാണ് പ്രതീക്ഷ.