വെല്ലിങ്‌ടണ്‍: റിവേഴ്‌സ് സ്വീപ്പ് ശ്രമത്തിനിടെ ന്യൂസിലന്‍ഡ് താരം ജിമ്മി നീഷാമിന്‍റെ താടിക്ക് പരിക്ക്. ഇന്ത്യ എയ്‌ക്ക് എതിരായ രണ്ടാം അനൗദ്യോഗിക ഏകദിനത്തിനിടെയാണ് നീഷാമിന്‍റെ താടിയില്‍ മുറിവേറ്റത്. ന്യൂസിലന്‍ഡ് എ ഇന്നിംഗ്‌സിലെ 31-ാം ഓവറില്‍ സ്‌പിന്നര്‍ ക്രുനാല്‍ പാണ്ഡ്യയെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം. ക്രുനാലിന്‍റെ പന്ത് ബാറ്റില്‍ തട്ടാതെവന്നപ്പോള്‍ ഹെല്‍മറ്റിന്‍റെ ഗ്രില്ലില്‍ പതിക്കുകയായിരുന്നു. 

എന്നാല്‍ പരിക്കേറ്റ ശേഷം സഹതാരങ്ങള്‍ക്ക് ഉപദേശവുമായെത്തി നീഷാം. അല്‍പം സരസരമായാണ് നീഷാമിന്‍റെ വാക്കുകള്‍. സ്വന്തം മുഖത്തേക്ക് റിവേഴ്‌സ് സ്വീപ്പ് ചെയ്യരുത് എന്നായിരുന്നു ന്യൂസിലന്‍ഡ് താരത്തിന്‍റെ ട്വീറ്റ്. മൂന്ന് ഇമോജികളും ട്വീറ്റിലുണ്ടായിരുന്നു. ട്വിറ്ററില്‍ രസകരമായ ട്വീറ്റുകളും കമന്‍റുകളുമായി ഏറെനാളായി സജീവമാണ് നീഷാം. 

നീഷാമിന് പരിക്കേറ്റതോടെ ഫിസിയോയെ മൈതാനത്തേക്ക് വിളിച്ചു. മത്സരം കുറച്ചുസമയത്തേക്ക് നിര്‍ത്തിവെച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റിന് 295 റണ്‍സെടുത്തപ്പോള്‍ നീഷാം 31 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് 266/9 എന്ന സ്‌കോറിലെത്താനേ കഴിഞ്ഞുള്ളൂ. പരിക്ക് വകവെക്കാതെ കളിച്ച് രണ്ട് നിര്‍ണായക വിക്കറ്റ് വീഴ്‌ത്താനും നീഷാമിനായി. സൂര്യകുമാര്‍ യാദവ്, വിജയ് ശങ്കര്‍ എന്നിവരെയാണ് പുറത്താക്കിയത്.